തിരുവനന്തപുരം: മുനമ്പത്തെ ഭൂമി പ്രശ്നത്തിൽ കോൺഗ്രസ്-യുഡിഎഫ് സഖ്യത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. അധികാരത്തിൽ എത്തിയ ഉടൻ തന്നെ മുനമ്പത്തെ ഭൂമി ‘ഉമീദ്’ പോർട്ടലിൽ റജിസ്റ്റർ ചെയ്തത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു.
കേരള വഖഫ് ബോർഡിന് തങ്ങളുടെ യജമാനന്മാർ ആരാണെന്ന് കൃത്യമായി അറിയാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനമ്പത്തെ ജനങ്ങൾക്ക് ശക്തമായ പിന്തുണയുമായി കേന്ദ്ര സർക്കാർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഇക്കാര്യം ഊന്നിപ്പറയുന്നതിനായി അദ്ദേഹം ഇങ്ങനെ പറഞ്ഞു:
‘നരേന്ദ്ര മോദി സർക്കാരും 2 കേന്ദ്രമന്ത്രിമാരും 4 എംപിമാരും 3 എംഎൽഎമാരും അടക്കമുള്ള ജനപ്രതിനിധികളും 30 ലക്ഷം മലയാളി വോട്ടർമാരും അടിയുറച്ച പിന്തുണയുമായി കൂടെയുള്ളപ്പോൾ മുനമ്പത്തെ ഒരിഞ്ച് ഭൂമി പോലും ആർക്കും വിട്ടുകൊടുക്കില്ല. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പിന്നിൽ നിന്ന് നിയന്ത്രിക്കുന്ന, നട്ടെല്ലില്ലാത്ത കോൺഗ്രസിന് എല്ലാ മലയാളികൾക്കും വേണ്ടി നിലകൊള്ളാൻ ഒരിക്കലുമാവില്ല.
അവർ അതിന് തയാറാവുകയുമില്ല. ഇത് വെറുമൊരു ഭൂമി തർക്കം മാത്രമല്ല.
ആരാണ് യഥാർഥത്തിൽ മലയാളികൾക്കൊപ്പം നിൽക്കുന്നതെന്ന് തിരിച്ചറിയാനുള്ള സമയം കൂടിയാണിത്. ആരാണ് തങ്ങൾക്കൊപ്പം അടിയുറച്ച് നിലകൊള്ളുന്നതെന്ന് മുനമ്പത്തെ ജനങ്ങൾക്ക് കൃത്യമായി അറിയാം’.
കോൺഗ്രസ് നേതൃത്വം വോട്ട് ബാങ്ക് താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുകയാണെന്നും ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അവർ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

