രത്തന്‍ യു ഖല്‍ക്കറിനെ സെക്രട്ടറിയായി നിയമിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി. ഈ നിയമനം തികച്ചും സ്വാഭാവികമായ ഭരണനടപടി മാത്രമാണെന്നും ഇതിനെ ബംഗാളിലെ സാഹചര്യവുമായി താരതമ്യം ചെയ്യുന്നത് അസ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച വിശദീകരണം നല്‍കിയത്. രമേശ് ചെന്നിത്തല ഈ നിലപാടിനെ പിന്തുണയ്ക്കുകയുണ്ടായി.
എന്തിനാണ് ഇത്തരം വിവാദങ്ങള്‍ അനാവശ്യമായി സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. “രത്തന്‍ യു ഖല്‍ക്കറാണോ യുഡിഎഫിനെ ജയിപ്പിച്ചത്?” എന്ന് അദ്ദേഹം ആരാഞ്ഞു.
ബംഗാളില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വ്യാപകമായി ആളുകളെ ഒഴിവാക്കിയ സാഹചര്യമല്ല കേരളത്തിലുള്ളത്. സിപിഐഎമ്മിനോ ബിജെപിക്കോ കേരളത്തില്‍ അത്തരമൊരു ആക്ഷേപമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
മുന്‍ മുഖ്യമന്ത്രിയുടെ കീഴില്‍ ഐടി സെക്രട്ടറിയായും, അന്നത്തെ ധനമന്ത്രിക്കീഴില് നികുതി കമ്മീഷണറായും രത്തന്‍ യു ഖല്‍ക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ചീഫ് ഇലക്ടറല്‍ ഓഫീസറെ നിയമിക്കുന്നത് സംസ്ഥാനം നല്കുന്ന പാനലില്‍ നിന്ന് കേന്ദ്രം തീരുമാനിക്കുന്ന രീതിയിലാണെന്നും, നളിനി നെറ്റോയുടെ നിയമനവും സമാനമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. അടിയന്തര സാഹചര്യത്തിലാണ് ഈ മാറ്റങ്ങള്‍ വരുത്തിയതെന്നും, ഭരണപരമായ സൗകര്യം മാത്രമാണ് മാനദണ്ഡമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ നടത്തിയത് താൽക്കാലിക മാറ്റങ്ങള്‍ മാത്രമാണ്. വകുപ്പ് മന്ത്രിമാരുടെ അഭിപ്രായം കൂടി പരിഗണിച്ച് മാത്രമേ അന്തിമ നടപടികള്‍ പൂര്ത്തിയാക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലയിടംതുരുത്ത് വിഷയത്തിലും മുഖ്യമന്ത്രി മറുപടി നല്കി. കഴിഞ്ഞ സര്‍ക്കാര്‍ 14 തവണ അവിടെ കുടിയൊഴിപ്പിക്കലിന് ശ്രമിച്ചിട്ടുണ്ടെന്നും, അന്ന് മൗനം പാലിച്ചവര്‍ ഇപ്പോള്‍ സമരവുമായി രംഗത്തിറങ്ങുന്നത് അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.
കോടതി ഉത്തരവ് നടപ്പാക്കുമ്പോള്‍ കുടുംബങ്ങളെ തെരുവിലിറക്കാതെ പുനരധിവസിപ്പിക്കാനുള്ള ഉത്തരവാദിത്തമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

