കേരള പൊലീസ് ഔദ്യോഗികമായി പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം, വാഹന ഉടമകളെയും ഡ്രൈവർമാരെയും ലക്ഷ്യമാക്കി സംസ്ഥാനത്ത് പുതിയൊരു സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. വാഹനങ്ങൾക്ക് പിഴയുണ്ടെന്ന് അറിയിച്ചുകൊണ്ട് മൊബൈൽ ഫോണുകളിലേക്ക് വരുന്ന വ്യാജ സന്ദേശങ്ങൾ മുഖേനയാണ് തട്ടിപ്പുകാർ പണം തട്ടുന്നത്.
പ്രത്യേകിച്ച് വാട്സ്ആപ്പ് വഴിയാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്. പരിവാഹൻ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയക്കുകയും, അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലിങ്കുകളിലോ ആപ്പുകളിലോ ക്ലിക്ക് ചെയ്യാൻ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ഇത്തരം ലിങ്കുകളിൽ പ്രവേശിക്കുന്നതോടെ ഉപയോക്താക്കളുടെ ഫോണിലെ നിർണായകമായ ഡാറ്റകളും ബാങ്കിംഗ് വിവരങ്ങളും ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സന്ദേശത്തിൽ നൽകിയിരിക്കുന്ന വാഹന നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ കൃത്യമായിരിക്കും എന്നത് ആളുകളെ പെട്ടെന്ന് കബളിപ്പിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്നു.
അതിനാൽ, അപരിചിതമായ സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കാനും, വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും കേരള പൊലീസ് പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ അതീവ ജാഗ്രത പാലിക്കണമെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പൊലീസ് അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

