ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി വി.ഡി.സതീശൻ. 31 വർഷത്തെ ഇടവേളയ്ക്ക് ശേഷം, കെ.കരുണാകരന് ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന രണ്ടാമത്തെ കേരള മുഖ്യമന്ത്രിയായി അദ്ദേഹം മാറി.
റവന്യു മന്ത്രി എ.പി.അനിൽകുമാറിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഗുരുവായൂരിലെത്തിയത്. ശ്രീവത്സം ഗെസ്റ്റ് ഹൗസിനു മുന്നിൽ വാഹനം ഇറങ്ങിയ മുഖ്യമന്ത്രി നേരിട്ട് ക്ഷേത്ര നടയിലേക്ക് നീങ്ങി.
ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ ദർശനത്തിന് അകമ്പടി സേവിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കണമെന്ന നിർദ്ദേശം നൽകിയപ്പോൾ, തന്റെ കൂടെ ആരും വരേണ്ടതില്ലെന്ന് വി.ഡി.സതീശൻ അറിയിക്കുകയായിരുന്നു. ടി.കെ.ഗോപാലകൃഷ്ണൻ മുൻകൂട്ടി എടുത്ത നെയ് വിളക്ക് ടിക്കറ്റ് പ്രകാരം നാല് പേർ മാത്രമാണ് മുഖ്യമന്ത്രിക്കൊപ്പം പ്രവേശിച്ചത്.
ശീവേലി സമയത്ത് ദർശനം നടത്തിയ അദ്ദേഹം കദളിക്കുലയും നെയ്യും നടയ്ക്കൽ സമർപ്പിച്ചു. മേൽശാന്തി തെക്കുംപറമ്പത്ത് നാരായണൻ നമ്പൂതിരി പ്രസാദം കൈമാറി.
ക്ഷേത്രദർശനത്തിനിടെ ഭക്തർക്ക് തടസ്സമുണ്ടാകാതിരിക്കാൻ മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധിച്ചു. പാൽപായസം കൊണ്ടുപോകുന്നതിനായി വഴി തടഞ്ഞപ്പോൾ, അത് നീങ്ങുന്നത് വരെ അദ്ദേഹം കാത്തുനിന്നു.
തുടർന്ന് 71 കിലോ വെണ്ണയും മണിക്കിണറിലെ തീർഥവും ഉപയോഗിച്ച് 32,250 രൂപ ചിലവിൽ തുലാഭാരം നടത്തി. ഗണപതി ക്ഷേത്രത്തിൽ നാളികേരമുടച്ച ശേഷം ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ അദ്ദേഹത്തെ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് സ്വീകരിച്ചു.
ഇതേദിവസം രാവിലെ 8.30-ന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും മുഖ്യമന്ത്രി ദർശനം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, അസിസ്റ്റന്റ് കമ്മിഷണർ എം.മനോജ്കുമാർ, ദേവസ്വം മാനേജർ എൻ.ഹരിഹര ഭട്ട് എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
വെള്ളി കുംഭത്തിൽ നെയ്യ്, കദളിക്കുല, അമ്പും വില്ലും തുടങ്ങിയവ സമർപ്പിച്ച മുഖ്യമന്ത്രി കിഴക്കേ കടവിൽ മീനൂട്ടിലും പങ്കെടുത്തു. 101 വെടി വഴിപാടിന് ചീട്ട് നൽകുകയും അയ്യപ്പൻ പ്രതിഷ്ഠയിൽ എള്ള് കിഴി സമർപ്പിക്കുകയും ചെയ്തു.
രാജേന്ദ്രൻ അരങ്ങത്ത്, അനിൽ പുളിക്കൽ, പി.വിനു, ഷജിൻ, ഗീത ഗോപി എംഎൽഎ എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

