റിയാദ്: രാജ്യത്തെ ഭക്ഷ്യധാന്യ ശേഖരം സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായി സൗദി ഭക്ഷ്യസുരക്ഷാ അതോറിറ്റി (GFSA) ഈ വർഷത്തെ മൂന്നാമത്തെ ഗോതമ്പ് ഇറക്കുമതി ടെൻഡർ പുറപ്പെടുവിച്ചു. വിവിധ ഘട്ടങ്ങളിലായി ആകെ 7.10 ലക്ഷം ടൺ ഗോതമ്പ് ഇറക്കുമതി ചെയ്യാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
ഈ വർഷം ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലായി വിതരണം പൂർത്തിയാക്കേണ്ട ഈ ഗോതമ്പ്, 12 കപ്പലുകളിലായി വിവിധ സൗദി തുറമുഖങ്ങളിൽ എത്തിച്ചേരും.
ഇതിൽ അഞ്ച് കപ്പലുകൾ ജിദ്ദ ഇസ്ലാമിക് പോർട്ടിലും, അഞ്ചെണ്ണം യാംബു കൊമേഴ്സ്യൽ പോർട്ടിലുമാണ് ചരക്ക് ഇറക്കുന്നത്. ബാക്കിയുള്ള രണ്ട് കപ്പലുകൾ ജിസാൻ തുറമുഖത്തെത്തും.
രാജ്യത്തെ ഗോതമ്പ് കരുതല്‍ ശേഖരം വർധിപ്പിക്കുന്നതിനും ആഭ്യന്തര മില്ലിങ് കമ്പനികളുടെ ആവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റുന്നതിനുമാണ് ഈ വലിയ തോതിലുള്ള ഇറക്കുമതിയിലൂടെ അതോറിറ്റി ലക്ഷ്യമിടുന്നത്. കൃത്യമായ പ്ലാനിങ്ങിലൂടെ രാജ്യത്തെ ഭക്ഷ്യലഭ്യതയും വിതരണവും സുഗമമായി ഉറപ്പുവരുത്തുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഉദ്ദേശമെന്ന് ജി.എഫ്.എസ്.എ അധികൃതർ വ്യക്തമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

