കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസയിലുള്ള പ്രവാസികൾക്ക് വിസ താമസാനുമതിയിലേക്ക് മാറ്റാൻ അവസരം. രാജ്യത്തെ വിസ നിയമത്തിൽ അഞ്ച് സുപ്രധാന ഭേദഗതികൾ വരുത്തിയാണ് പുതിയ തീരുമാനം.
ആർട്ടിക്കിൾ 16 പ്രകാരം, അഞ്ച് പ്രത്യേക സാഹചര്യങ്ങളിൽ വിസ മാറ്റം സാധ്യമാകും. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഡയറക്ടർ ജനറലിന്റെ പ്രത്യേക അനുമതിയോടെയാകും ഈ മാറ്റങ്ങൾ നടപ്പാക്കുക.
വിസ മാറ്റം അനുവദിക്കുന്ന വിഭാഗങ്ങൾ സർക്കാർ വിസിറ്റ് വിസ: സർക്കാർ മന്ത്രാലയങ്ങൾ, പൊതു അതോറിറ്റികൾ, അല്ലെങ്കിൽ മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ ആവശ്യങ്ങൾക്കായി സർക്കാർ വിസിറ്റ് വിസയിൽ കുവൈത്തിൽ എത്തുന്നവർക്ക് താമസാനുമതിയിലേക്ക് മാറാൻ സാധിക്കും. അപേക്ഷകർക്ക് സർവകലാശാലാ ബിരുദമോ അല്ലെങ്കിൽ പ്രത്യേക സാങ്കേതിക യോഗ്യതയോ ഉണ്ടായിരിക്കണം.
ഇതിനായി റെസിഡൻസ് അഫയേഴ്സ് ഡയറക്ടർ ജനറലിന്റെ അനുമതി ആവശ്യമാണ്. ഗാർഹിക തൊഴിലാളികൾ: രാജ്യത്തെ നിയമങ്ങൾക്കനുസരിച്ച്, ഗാർഹിക തൊഴിലാളികൾക്കും ഈ വിഭാഗത്തിൽ വരുന്ന മറ്റ് ജീവനക്കാർക്കും സന്ദർശക വിസയിൽ നിന്ന് സ്ഥിരം താമസാനുമതിയിലേക്ക് മാറാവുന്നതാണ്.
കുടുംബ സന്ദർശക വിസ: മാതാപിതാക്കളുടെയോ മക്കളുടെയോ സ്പോൺസർഷിപ്പിൽ ഫാമിലി വിസിറ്റ് വിസയിൽ രാജ്യത്തെത്തുന്ന ആശ്രിതർക്ക് കുടുംബ താമസാനുമതിയിലേക്ക് (ഫാമിലി റെസിഡൻസ്) മാറാൻ അനുമതി നൽകും. തൊഴിൽ വിസയിലുള്ളവർ: തൊഴിൽ വിസയിൽ രാജ്യത്തെത്തി താമസാനുമതി നടപടികൾ തുടങ്ങിയ ശേഷം അടിയന്തര സാഹചര്യങ്ങളിൽ രാജ്യം വിടേണ്ടി വന്നവർക്ക് ഇളവ് ലഭിക്കും.
ഒരു മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്ത് തങ്ങാതിരുന്നാൽ, തിരികെ പ്രവേശിച്ച ശേഷം സന്ദർശക വിസയെ താമസാനുമതിയാക്കി മാറ്റാൻ സാധിക്കും. പ്രത്യേക സാഹചര്യങ്ങൾ: മുകളിൽ വ്യക്തമാക്കിയവ കൂടാതെ, ഓരോ കേസിന്റെയും പ്രത്യേകതകൾ പരിഗണിച്ച് കൂടുതൽ വിസ മാറ്റങ്ങൾക്ക് അനുമതി നൽകാൻ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഡയറക്ടർ ജനറലിന് വിവേചനാധികാരം ഉണ്ടായിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

