തിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദങ്ങൾക്ക് വഴിവെച്ച കിഫ്ബി ഭൂമി ഏറ്റെടുക്കൽ നടപടികളിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുന്നു. കിഫ്ബി പദ്ധതികളുമായി ബന്ധപ്പെട്ട് നിരവധി നിർണായക തീരുമാനങ്ങൾ മന്ത്രിസഭയുടെ അറിവില്ലാതെയാണ് കൈക്കൊണ്ടിട്ടുള്ളതെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്.
കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഏകദേശം പതിനായിരത്തിലധികം കോടി രൂപയുടെ ഭൂമി ഏറ്റെടുത്തത് കിൻഫ്രയുടെ ഒരു കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രമാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആരോഗ്യ, വ്യവസായ മേഖലകളുടെ വികസനം മുൻനിർത്തി കിൻഫ്രയ്ക്കായി കണ്ണൂരിലും പാലക്കാടുമായി 12,710 കോടി രൂപ ചെലവിലാണ് ഭൂമി ഏറ്റെടുക്കാൻ അനുമതി നൽകിയത്.
കിൻഫ്ര സമർപ്പിച്ച കൺസെപ്റ്റ് നോട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ, ഗൗരവകരമായ യാതൊരു ചർച്ചകളും നടക്കാതെയാണ് കിഫ്ബി ബോർഡ് യോഗത്തിൽ ഇതിന് അനുമതി നൽകിയതെന്ന് വ്യക്തമാക്കുന്ന രേഖകൾ ലഭ്യമായിട്ടുണ്ട്. കണ്ണൂരിലെ പട്ടാന്നൂർ, കോളാരി വില്ലേജുകളിലുൾപ്പെടുന്ന പണയത്താംപറമ്പ് മേഖലയിൽ 1,000 ഏക്കറും പാലക്കാട് ഓലപ്പതി, കന്നമ്പ്ര എന്നിവിടങ്ങളിലായി 560 ഏക്കറുമാണ് പദ്ധതിക്കായി മാറ്റിവെച്ചത്.
എന്നാൽ കണ്ണൂരിൽ കോടികൾ മുടക്കി കൈവശപ്പെടുത്തിയ ഭൂമിയിൽ ഇതുവരെയും യാതൊരുവിധ വികസന പ്രവർത്തനങ്ങളും നടന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഈ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ വൻ തോതിലുള്ള ക്രമക്കേടുകൾ നടന്നിട്ടുള്ളതായി വിജിലൻസ് അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്.
യാതൊരുവിധ ഔദ്യോഗിക നിയമരേഖകളുമില്ലാതെ ഭൂമിക്ക് വലിയ തുക നഷ്ടപരിഹാരമായി അനുവദിച്ചുവെന്നാണ് പ്രധാന കണ്ടെത്തൽ. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളാണുണ്ടായത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സർക്കാരിന് കോടികളുടെ സാമ്പത്തിക നഷ്ടം വരുത്തിവെച്ചതിന് മട്ടന്നൂർ സ്പെഷ്യൽ തഹസീൽദാർ ഓഫീസിലെ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഉയർന്ന പലിശ നിരക്കിൽ മസാല ബോണ്ട് പുറത്തിറക്കുന്നതിനെതിരെ അന്നത്തെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നുവെങ്കിലും, ഈ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞാണ് മസാല ബോണ്ടിന് അംഗീകാരം നൽകിയത്.
കിഫ്ബി ബോർഡ് യോഗങ്ങളിൽ നിർണായക തീരുമാനങ്ങൾ യാതൊരുവിധ മുൻഗണനാ പരിശോധനകളോ ചർച്ചകളോ ഇല്ലാതെയാണ് പാസാക്കിയെടുത്തതെന്ന് പുറത്തുവന്ന മിനിറ്റ്സ് വ്യക്തമാക്കുന്നു. ഔദ്യോഗിക സംവിധാനങ്ങൾക്ക് അതീതമായി കിഫ്ബി സ്വതന്ത്ര പരമാധികാര സ്ഥാപനമായി മാറി എന്ന തരത്തിലുള്ള പ്രതിപക്ഷ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് നിലവിൽ പുറത്തുവന്നിട്ടുള്ള ഔദ്യോഗിക രേഖകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

