തൃശൂർ ജില്ലയിൽ കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പകർത്താൻ കുട്ടികളെത്തന്നെ ഉപയോഗിക്കുന്നതായി നിർണായക വിവരം പുറത്ത്. ഇരകളാകുന്ന കുട്ടികൾ അറിഞ്ഞോ അറിയാതെയോ പകർത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെ പ്രത്യേക ഗ്രൂപ്പുകൾ വഴി വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ഇത്തരം ഫോട്ടോകളും വിഡിയോകളും കണ്ടെത്താനായി കേരള പൊലീസിന്റെ കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ യൂണിറ്റ് നടത്തുന്ന ഓപ്പറേഷൻ പി ഹണ്ട് റെയ്ഡിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഇത്തരം ദൃശ്യങ്ങൾ കൈമാറാൻ മാത്രമായി സമൂഹമാധ്യമങ്ങളിൽ നിരവധി ഗ്രൂപ്പുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
ഈ ഗ്രൂപ്പുകളിൽ അംഗത്വം നിലനിർത്താൻ പുതിയ വിഡിയോകൾ നിർബന്ധമായും ഷെയർ ചെയ്യണമെന്നാണ് പ്രധാന വ്യവസ്ഥ. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ ഇന്റർനെറ്റിൽനിന്ന് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല.
കൂടാതെ, ഒരിക്കൽ ഗ്രൂപ്പിൽ പങ്കുവച്ച ദൃശ്യങ്ങൾ വീണ്ടും പോസ്റ്റ് ചെയ്താൽ അംഗങ്ങളെ പുറത്താക്കുകയും ചെയ്യും. ഈ കർശന വ്യവസ്ഥകൾ കാരണം പുതിയ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ അംഗങ്ങൾ വലിയ തോതിൽ പ്രേരിതരാകുന്നുണ്ട്.
സ്വാഭാവികമായും ഇത്തരം കുറ്റകൃത്യങ്ങളിൽ ഇരകളാക്കപ്പെടുന്നത് പരിചയത്തിലോ അടുത്ത പരിസരങ്ങളിലോ ഉള്ള കുട്ടികളായിരിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. കുട്ടികളെ ഇത്തരം ഡിജിറ്റൽ കെണികളിൽനിന്ന് രക്ഷിക്കാൻ ശക്തമായ ബോധവൽക്കരണം മാത്രമാണ് പോവഴിയെന്ന് പൊലീസ് ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്ത് ഇതുവരെ ഇതുമായി ബന്ധപ്പെട്ട് എണ്ണായിരത്തിലധികം കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ നാനൂറിലേറെ അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.
പോക്സോ നിയമപ്രകാരം ഇത്തരം അശ്ലീല ദൃശ്യങ്ങൾ കൈവശം സൂക്ഷിക്കുന്നതും മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുന്നതും അതീവ ഗൗരതരമായ കുറ്റമാണെന്നും കടുത്ത നിയമനടപടികൾക്ക് ഇത് ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

