ഗൂഡല്ലൂർ മേഖലയിലെ കാർഷിക രംഗം വലിയ പ്രതിസന്ധിയിലേക്ക്. വിപണിയിൽ ഊട്ടി കാരറ്റ് വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ ദുരിതത്തിലായി.
മുൻപ് കിലോഗ്രാമിന് 80 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോഴത്തെ നിരക്ക് 12 മുതൽ 22 രൂപ വരെയായി കുറഞ്ഞു. കാരറ്റിന്റെ പ്രധാന വ്യാപാര കേന്ദ്രമായ മേട്ടുപ്പാളയത്തിലെ ലേല കേന്ദ്രങ്ങളിലാണ് വിലയിൽ കനത്ത ഇടിവുണ്ടായിരിക്കുന്നത്.
നിലവിലെ വിപണി വില കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. മലയോര കർഷകരുടെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നാണ് കാരറ്റ് കൃഷി.
എന്നാൽ ഇതിന് ഉയർന്ന ഉൽപാദനച്ചെലവാണ് വരുന്നത്. പുലർച്ചെ 3 മണിക്ക് തോട്ടങ്ങളിൽ ആരംഭിച്ച് വിളവെടുപ്പ് പൂർത്തിയാക്കി, രാവിലെ 8 മണിക്കുള്ളിൽ മേട്ടുപ്പാളയത്തിലെ ലേല കേന്ദ്രങ്ങളിൽ എത്തിച്ചാണ് ഇവ വിപണനം ചെയ്യുന്നത്.
ഇത്തവണ മഴ ലഭ്യത കുറഞ്ഞത് കർഷകരെ ഏറെ വലച്ചു. ടാങ്കർ ലോറികളിൽ വെള്ളം എത്തിച്ച് നനച്ചാണ് കർഷകർ കൃഷി സംരക്ഷിച്ചുപോന്നത്.
എന്നാൽ കനത്ത വിലത്തകർച്ചയെ തുടർന്ന് വിളവെടുത്ത കാരറ്റ് വിപണിയിൽ വിൽക്കാൻ കഴിയാതെ കന്നുകാലികൾക്ക് തീറ്റയായി നൽകേണ്ട ഗതികേടിലാണ് കർഷകർ ഇപ്പോൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

