ഇറാനിൽ സ്കൂളിന് നേരെയുണ്ടായ യുഎസ് വ്യോമാക്രമണത്തിന് പിന്നിൽ നിർമിത ബുദ്ധി അഥവാ എഐ സാങ്കേതികവിദ്യയുടെ പിഴവുകൾ കാരണമായതായി അന്വേഷണ റിപ്പോർട്ട്. കാലഹരണപ്പെട്ട
വിവരങ്ങൾ അടിസ്ഥാനമാക്കിയതും സൈനിക നടപടികളിൽ എഐ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിച്ചതുമാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ യുഎസ് ഭരണകൂടം ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാന് നേരെ യുഎസ് ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് മിനാബിലെ സ്കൂളിന് നേരെ മിസൈൽ ആക്രമണമുണ്ടായത്. അമേരിക്കൻ നിർമ്മിത രണ്ട് ടോമഹോക്ക് മിസൈലുകൾ പതിച്ച് 123 കുട്ടികളടക്കം 150-ലേറെ പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ആക്രമണത്തിനെതിരെ ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള വേദികളിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. പ്രധാന കാരണങ്ങൾ യുഎസ് സൈന്യം ഉപയോഗിച്ച വിവരശേഖരത്തിലെ ഗുരുതരമായ പിഴവുകളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.
മിനാബിലെ സ്കൂൾ സ്ഥിതി ചെയ്തിരുന്ന സ്ഥലം മുൻകാലങ്ങളിൽ ഐആർജിസിയുടെ താവളമായിരുന്നു. 2017-ഓടെ ഇവിടെ സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും കെട്ടിട
നിർമ്മാണം പൂർത്തിയാവുകയും ചെയ്തിരുന്നു. ഉപഗ്രഹ ചിത്രങ്ങൾ വഴി സ്കൂളിന്റെ സാന്നിധ്യം വ്യക്തമായിരുന്നിട്ടും സൈനിക ഡേറ്റാബേസിൽ ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല.
2019-ൽ ചില ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും അത് പ്രധാന കമാൻഡ് സെന്ററുകളിലേക്ക് കൈമാറാൻ കഴിഞ്ഞില്ല. ഇതാണ് എഐ സിസ്റ്റം ലക്ഷ്യം തെറ്റിക്കാൻ കാരണമായത്.
പലാന്തീർ ടെക്നോളജീസിന്റെ ‘മേവൻ സ്മാർട് സിസ്റ്റം’ എന്ന എഐ സാങ്കേതികവിദ്യയാണ് യുഎസ് സൈന്യം ഇതിനായി ഉപയോഗിച്ചത്. സൈനിക നീക്കങ്ങൾ വേഗത്തിലാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ടെങ്കിലും, വിവരങ്ങളുടെ ആധികാരികത പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് വലിയ നാശത്തിന് കാരണമായതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, തങ്ങളുടെ സാങ്കേതികവിദ്യയല്ല, മറിച്ച് നൽകിയ വിവരങ്ങളിലെ അപാകതയാണ് ദുരന്തത്തിന് കാരണമെന്നാണ് പലാന്തീർ ടെക്നോളജീസിന്റെ വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

