ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസയുടെ (Lufthansa) ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് ഉപഭോക്താവിന് ലഭിച്ച മറുപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. 12 മണിക്കൂറിനുള്ളിൽ 1.35 കോടിയിലധികം കാഴ്ചകളാണ് ഈ പോസ്റ്റിന് ലഭിച്ചത്.
സംഭവം വിവാദമായതിനെ തുടർന്ന് കമ്പനി പിന്നീട് ഔദ്യോഗികമായി മാപ്പ് പറയുകയുണ്ടായി. നീണ്ട
നാളുകൾക്ക് മുമ്പ് റീഫണ്ടിനായി അംഗീകാരം ലഭിച്ചിട്ടും പണം ഇതുവരെ അക്കൗണ്ടിൽ എത്തിയില്ലെന്ന പരാതിയുമായാണ് യാത്രക്കാരൻ രംഗത്തെത്തിയത്. കേസ് നമ്പറും ഉൾപ്പെടുത്തിക്കൊണ്ട് കുറിപ്പ് പങ്കുവെച്ച യാത്രക്കാരൻ, എത്രയും പെട്ടെന്ന് തുക തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, പതിവ് ഔദ്യോഗിക ശൈലിയിൽ നിന്ന് വ്യത്യസ്തമായി ‘Flo’ എന്ന പേരിൽ ഉപഭോക്തൃ സേവന വിഭാഗത്തിൽ നിന്നുള്ള ജീവനക്കാരൻ നൽകിയ മറുപടിയാണ് വിമർശനങ്ങൾക്ക് കാരണമായത്. “We’ve already responded to you numerous times via DM on different social media platforms.
The response isn’t going to magically change just because you’re asking the same question on X now. /Flo— Lufthansa (@lufthansa) September 22, 2026” എന്നായിരുന്നു ജീവനക്കാരന്റെ മറുപടി.
വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ നേരിട്ടുള്ള സന്ദേശങ്ങളിലൂടെ ഇതിനകം പലതവണ മറുപടി നൽകിയിട്ടുണ്ടെന്നും, എക്സിൽ വീണ്ടും ചോദിച്ചതുകൊണ്ട് മറുപടി മാറില്ലെന്നുമായിരുന്നു ഇതിന്റെ ചുരുക്കം. ഈ മറുപടി അതിവേഗം വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്.
ഉപഭോക്താക്കളോട് ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കുന്നത് തികച്ചും പ്രൊഫഷണലല്ലാത്തതും അഹങ്കാരപരവുമാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. അതേസമയം, ഒരേ പരാതി വീണ്ടും വീണ്ടും ഉന്നയിക്കുന്ന ഉപഭോക്താവിനോട് ജീവനക്കാരൻ പ്രതികരിച്ചത് മനസ്സിലാക്കാവുന്നതാണെന്ന് വാദിച്ചവരും കുറവല്ല.
വിമർശനങ്ങൾ ശക്തമായതോടെ ലുഫ്താൻസ അധികൃതർ സംഭവത്തിൽ ഔദ്യോഗികമായി ക്ഷമാപണം നടത്തി. ഉപഭോക്താക്കളോട് ഇത്തരത്തിൽ പെരുമാറുന്നത് കമ്പനിയുടെ നയമല്ലെന്നും, പ്രശ്നം എത്രയും വേഗം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും കമ്പനി വ്യക്തമാക്കി.
എന്നാൽ വിവാദങ്ങൾ കത്തിപ്പടർന്നിട്ടും തനിക്ക് ഇതുവരെയും റീഫണ്ട് തുക ലഭിച്ചിട്ടില്ലെന്നാണ് യാത്രക്കാരൻ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

