കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവായി തൃണമൂൽ കോൺഗ്രസ് വിമത നിരയിൽ നിന്നും സുപ്രധാന മടക്കം. വിമത എംഎൽഎമാരിൽ പ്രമുഖനായ കാസിം സിദ്ദിഖി മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ ക്യാമ്പിലേക്ക് ഔദ്യോഗികമായി തിരിച്ചെത്തി.
പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തോടൊപ്പം ചേർന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് അദ്ദേഹത്തിന്റെ ഈ സുപ്രധാന രാഷ്ട്രീയ മലക്കംമറിച്ചിൽ. നോർത്ത് 24 പർഗാനാസ് ജില്ലയിലെ അംദംഗ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ താൻ എപ്പോഴും മമത ബാനർജിക്കൊപ്പമായിരുന്നുവെന്നും വരും ദിവസങ്ങളിലും അവിടെത്തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മമത ബാനർജിയുടെ നേതൃത്വത്തിൽ തന്നെയാണ് പ്രവർത്തിക്കുക എന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിമത വിഭാഗം തന്നെ കൂടെക്കൂട്ടിയതെന്ന് കാസിം സിദ്ദിഖി വെളിപ്പെടുത്തി. എന്നാൽ യഥാർത്ഥ സാഹചര്യം പിന്നീടാണ് മനസ്സിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാസിം സിദ്ദിഖിയുടെ വാക്കുകൾ ഇങ്ങനെ: “ഒരു രേഖയിൽ ഒപ്പിടാനാണ് ഞങ്ങളോട് ആവശ്യപ്പെട്ടത്. ആ ഒപ്പ് ദീദിയുടെ അടുക്കൽ എത്തുമെന്നും പറഞ്ഞിരുന്നു.
ഞങ്ങൾ എപ്പോഴും ദീദിക്കൊപ്പമുണ്ട്. എന്നാൽ വിമത ക്യാമ്പിൽ എത്തിയപ്പോൾ അവിടെ ദീദിയെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായിരുന്നില്ല.
ദീദിയാണ് ഞങ്ങൾക്ക് എല്ലാം. അവരാണ് ടിക്കറ്റ് തന്ന് ഞങ്ങളെ നിയമസഭയിലേക്ക് അയച്ചത്.
അവരുടെ ചിത്രം കാണിച്ചാണ് ഞങ്ങൾ വോട്ട് ചോദിച്ചതും വിജയിച്ചതും”. ഹുഗ്ലി ജില്ലയിലെ പ്രശസ്തമായ ഫുർഫുറ ശരീഫ് ദർഗ കുടുംബാംഗമായ കാസിം സിദ്ദിഖി, മുസ്ലിം സമുദായത്തിനിടയിൽ നിർണായക സ്വാധീനമുള്ള നേതാവാണ്.
കഴിഞ്ഞ വർഷമാണ് കാസിം സിദ്ദിഖി തൃണമൂൽ കോൺഗ്രസിൽ ചേർന്നതും തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറിയായി നിയമിതനായതും. അതിനുശേഷമാണ് അംദംഗ മണ്ഡലത്തിൽ നിന്നും ജനവിധി തേടി അദ്ദേഹം നിയമസഭയിലെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

