കോഴിക്കോട്: സംഘടന നേരിടുന്ന വെല്ലുവിളികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യക്തികേന്ദ്രീകൃത വിമർശനങ്ങൾ ഒഴിവാക്കാനും നിർദ്ദേശവുമായി സിപിഎം സംസ്ഥാന സമിതി യോഗം. ഗ്രൂപ്പ് ചർച്ചകൾക്ക് കർശന നിയന്ത്രണങ്ങളാണ് നേതൃത്വം ഏർപ്പെടുത്തിയിരിക്കുന്നത്.
കടുത്ത വിമർശനങ്ങളിലേക്ക് കടക്കേണ്ടതില്ലെന്നാണ് പൊതുവായുള്ള നിർദ്ദേശം. ചർച്ചകൾക്കായി ഓരോ ജില്ലയ്ക്കും അരമണിക്കൂർ സമയമാണ് അനുവദിച്ചിട്ടുള്ളത്.
വർഗ്ഗ-ബഹുജന സംഘടനകൾക്ക് 5 മുതൽ 10 മിനിറ്റ് വരെയും സമയം നിശ്ചയിച്ചിട്ടുണ്ട്. ഇതിനിടയിലാണ് കടുത്ത വിമർശനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള നിർദ്ദേശം വന്നിരിക്കുന്നത്.
അതേസമയം, കോഴിക്കോട്ട് ആരംഭിച്ച സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ തെറ്റുതിരുത്തലിനുള്ള കരട് റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങൾ രംഗത്തെത്തി. പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുമ്പോൾ, തളിപ്പറമ്പ് സ്ഥാനാർത്ഥിത്വ വിവാദം ഉൾപ്പെടുത്താത്തതിനെതിരെ യോഗത്തിൽ രൂക്ഷ വിമർശനമുയർന്നു.
സംസ്ഥാന നേതൃത്വം സമ്പൂർണ്ണ പരാജയമാണെന്നും തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടേറിയറ്റ് അണികൾക്കും പ്രാദേശിക നേതൃത്വത്തിനും മേൽ മാത്രം ചാരുകയാണെന്നും പൊതുചർച്ചയിൽ വിമർശനം ഉയർന്നു. കരട് റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വയം വിമർശനം ഉന്നയിക്കുകയോ സ്വന്തം വീഴ്ചകൾ പരിശോധിക്കുകയോ ചെയ്യുന്നില്ലെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും അണികളുടെയും ജില്ലാ നേതൃത്വത്തിന്റെയും മാത്രം തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും യോഗത്തിൽ വിമർശനമുയർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

