എരുമേലി കനകപ്പലം വനമേഖലയിലെ പൈൻ മരക്കൂട്ടം കേന്ദ്രീകരിച്ച് പുതിയ വിനോദ, വിശ്രമ മേഖല രൂപീകരിക്കണമെന്ന ആവശ്യം നാട്ടുകാരിൽ നിന്നും ശക്തമാകുന്നു. വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ പ്രദേശത്ത് വ്യാപകമായി പൈൻ മരങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്.
ഇടുക്കിയിലെ വാഗമണ്ണിലെ പൈൻ മരത്തോട്ടത്തോട് സാദൃശ്യമുള്ളതാണ് ഇവിടത്തെയും ഭൂപ്രകൃതി. വാഗമണ്ണിലേതിന് സമാനമായ തണുപ്പും ഈ മേഖലയിലുണ്ട്.
പൈൻ മരക്കാടിന് സമീപത്തായി സർക്കാർ മുൻകൈയെടുത്ത് ഒരു കുളവും നിർമിച്ചിട്ടുണ്ട്. പ്രദേശത്ത് മറ്റ് നഗരവൽകൃത വിശ്രമ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ, ഇവിടെ സന്ദർശകർക്കായി ഇരിപ്പിടങ്ങളും കുട്ടികളുടെ പാർക്ക് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കണം.
ഇത് യാഥാർത്ഥ്യമായാൽ നിരവധി പേർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ ഈ സ്ഥലത്ത് വിനോദസഞ്ചാരികളുടെ സൗകര്യാർത്ഥം വാഹന പാർക്കിങ് സംവിധാനവും ഏർപ്പെടുത്തേണ്ടതുണ്ട്.
പ്രദേശത്തെ അടിക്കാടുകൾ വെട്ടിത്തെളിച്ച് ഇരിപ്പിടങ്ങൾ ഒരുക്കിയാൽ പോലും അവധി ദിവസങ്ങളിലും സായാഹ്നങ്ങളിലും കുടുംബങ്ങൾക്ക് ഒത്തുകൂടാനും വിശ്രമിക്കാനും പറ്റിയ മികച്ചൊരു കേന്ദ്രമായി ഇവിടം മാറ്റാനാകും. ഈ ആവശ്യം പരിഗണിച്ച് വനം വകുപ്പിന്റെ നേതൃത്വത്തിൽ ഇതുസംബന്ധിച്ച പ്രാഥമിക പദ്ധതികൾ തയ്യാറാക്കിവരികയാണെന്നാണ് അധികൃതർ നൽകുന്ന വിവരം.
പരിസരവാസികളായ ജനങ്ങളെക്കൂടി പങ്കാളികളാക്കിക്കൊണ്ടുള്ള ഇക്കോ ടൂറിസം വികസന പദ്ധതിയാണ് നിലവിൽ വകുപ്പിന്റെ പരിഗണനയിലുള്ളതെന്നും അധികൃതർ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

