വെറും 5600 രൂപ നിക്ഷേപത്തിൽ തുടക്കം കുറിച്ച് 420 കോടി രൂപയുടെ വിപണി മൂല്യമുള്ള വ്യവസായ സാമ്രാജ്യം പടുത്തുയർത്തിയിരിക്കുകയാണ് ജെറ്റ്സെറ്റ്ഗോ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കനിക തെക്രിവാൾ. ജീവിതത്തിൽ പ്രതിസന്ധികൾ മുന്നിൽ വന്ന് നിറയുമ്പോൾ തളർന്നുപോകുന്നവർക്ക് വലിയൊരു പ്രചോദനമാണ് ഈ യുവ സംരംഭകയുടെ ജീവിത കഥ.
പരമ്പരാഗത മാർവാറി കുടുംബത്തിൽ ജനിച്ച കനികയ്ക്ക് കുട്ടിക്കാലം മുതലേ സാമ്പത്തിക കാര്യങ്ങളിൽ വലിയ താല്പര്യമുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ കോവെൻട്രി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അവർ, സ്വന്തമായി ബിസിനസ്സ് ആരംഭിക്കാൻ പദ്ധതിയിടുന്നതിനിടയിലാണ് ജീവിതത്തെ ആകെ മാറ്റിമറിച്ച തിരിച്ചടി ഉണ്ടാകുന്നത്.
21-ാം വയസ്സിൽ സ്റ്റേജ് 2 ഹോഡ്ജ്കിൻസ് ലിംഫോമ എന്ന ക്യാൻസർ ബാധ അവർക്ക് സ്ഥിരീകരിച്ചു. നാല് മാസം മാത്രം ആയുസ്സ് പ്രവചിച്ച 40 ഓളം ഡോക്ടർമാരുടെ നിഗമനങ്ങളെയും ആശങ്കകളെയും തന്റെ ഉറച്ച മനോബലം കൊണ്ട് അവർ അതിജീവിച്ചു.
മുംബൈയിലെ ഒരു ഡോക്ടറെ കണ്ട് സംസാരിച്ച് കൃത്യമായ ചികിത്സയിലൂടെ അവർ ജീവിതത്തിലേക്ക് തിരിച്ചെത്തി. ക്യാൻസറിനെ അതിജീവിച്ചപ്പോഴാണ് ജീവിതം വളരെ ചെറുതാണെന്നും, സ്വന്തം സ്വപ്നങ്ങൾക്കായി ജീവിച്ച് ആകാശത്തോളം ഉയരേണ്ടതുണ്ടെന്നും താൻ മനസ്സിലാക്കിയതായി കനിക പിന്നീട് ഓർത്തെടുത്തു.
തുടർന്ന് 2014-ൽ അവർ ജെറ്റ്സെറ്റ്ഗോ എന്ന സ്ഥാപനത്തിന് തറക്കല്ലിട്ടു. പുരുഷന്മാരുടെ ആധിപത്യമുള്ള വ്യോമയാന മേഖലയിലേക്ക് കടന്നുവരുമ്പോൾ നിരവധി പരിഹാസങ്ങളും അധിക്ഷേപങ്ങളും അവർക്ക് നേരിടേണ്ടി വന്നിരുന്നു.
വിമാന ബിസിനസ്സിന് പകരം കപ് കേക്കുകൾ ഉണ്ടാക്കി വിൽക്കാൻ ഉപദേശിച്ചവരുണ്ടായിരുന്നു. എന്നാൽ പുറത്തുനിന്ന് പണം സമാഹരിക്കാതെ സ്വന്തമായി 5600 രൂപ മാത്രം നിക്ഷേപിച്ച് അവർ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ജെറ്റ് ശൃംഖലയ്ക്ക് രൂപം നൽകി.
ഇന്ന് മുംബൈ, ഡൽഹി, ബെംഗളൂരു, ന്യൂയോർക്ക്, ദുബായ് എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള ജെറ്റ്സെറ്റ്ഗോയ്ക്ക് ഇന്ത്യയിൽ ഏറ്റവും വലിയ പ്രൈവറ്റ് ജെറ്റ്, ഹെലികോപ്റ്റർ വ്യൂഹമാണുള്ളത്. പ്രമുഖ വ്യവസായി പുനീത് ഡാൽമിയ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് എന്നിവരുടെ വലിയ പിന്തുണയും ഈ സ്ഥാപനത്തിനുണ്ട്.
2021-ൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്വയംപര്യാപ്ത ശതകോടീശ്വര വനിതയായി തെരഞ്ഞെടുക്കപ്പെട്ട കനിക, 2016-ലും 2017-ലും ഫോർബ്സിന്റെ 30 അണ്ടർ 30 പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.
കൂടാതെ പ്രശസ്തമായ ഷാർക്ക് ടാങ്ക് ഇന്ത്യ സീസൺ 5ൽ വിധികർത്താവായും അവർ എത്തിയിരുന്നു. വ്യക്തിജീവിതത്തിലേക്ക് വരുമ്പോൾ, ഹൈദരാബാദ് സ്വദേശിയായ വ്യവസായിയും ഔറോബിന്ദോ ഫാർമ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പി ശരത് ചന്ദ്ര റെഡ്ഡിയാണ് കനികയുടെ ഭർത്താവ്.
വ്യവസായ ലോകത്ത് വൻ നേട്ടങ്ങൾ കൊയ്യുന്നതിനിടയിൽ, 2026 മേയ് 28-ന് ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നു. ആഗ്രഹവും ലക്ഷ്യബോധവും ഉണ്ടെങ്കിൽ ഏത് പ്രതികൂല സാഹചര്യത്തെയും മറികടന്ന് വിജയമുടി ചൂടാമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ഈ യുവ വനിതാ സംരംഭക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

