നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. വിഷയത്തിൽ നടപടികളുടെ ഭാഗമായി ദില്ലി ഹൈക്കോടതി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ച് വിജ്ഞാപനം പുറത്തിറക്കി.
ജസ്റ്റിസ് അനു ഗ്രോവർ ബലിഗയായിരിക്കും ഈ പ്രത്യേക കോടതിയുടെ പ്രത്യേക ജഡ്ജി. 2024 ലെ പബ്ലിക് എക്സാമിനേഷൻ ആക്ടിന്റെ പരിധിയിൽ വരുന്ന മുഴുവൻ കുറ്റകൃത്യങ്ങളും ഈ ഫാസ്റ്റ് ട്രാക്ക് കോടതിയാകും വിചാരണ ചെയ്യുക.
ദില്ലിയിലെ റോസ് അവന്യൂ കോടതി സമുച്ചയത്തിലാണ് പുതിയ കോടതിയുടെ പ്രവർത്തനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെയാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്ന കാര്യം പ്രഖ്യാപിച്ചത്.
ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികൾക്ക് വേഗത്തിലും മാതൃകാപരവുമായ ശിക്ഷ ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള തുടർച്ചയായ നടപടികളുടെ ഭാഗമാണിതെന്നും യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരോട് യാതൊരു വിട്ടവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ജന്തർമന്തറിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) നടത്തിവന്ന പ്രതിഷേധങ്ങൾ ദേശീയതലത്തിൽ ശ്രദ്ധനേടിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഈ നടപടിയുണ്ടായത്.
അതേസമയം, ചോദ്യപ്പേപ്പർ ചോർച്ചയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷവും സിജെപിയും ഉറച്ചുനിൽക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ സിജെപി വക്താവ് അഷുതോഷ് രംഗ രൂക്ഷ വിമർശനവുമായി രംഗത്തെത്തി.
ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം യഥാർത്ഥ പരിഹാരമല്ലെന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രം മാത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ ഭാവി വെച്ച് പ്രധാനമന്ത്രി ക്രൂരമായ തമാശയാണ് കളിക്കുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

