തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ പരസ്യപ്രസ്താവനയെത്തുടർന്ന് കോൺഗ്രസിൽ പ്രതിസന്ധി തുടരുന്നു. തൻ്റെ വിമർശനം ഒറ്റക്കുള്ളതല്ലെന്ന അടൂർ പ്രകാശിൻ്റെ വാദം പൂർണ്ണമായും തള്ളിക്കളയുകയാണ് സതീശൻ ചേരി.
അടൂർ പ്രകാശിൻ്റെ ഈ പരസ്യവിമർശനങ്ങൾക്ക് പിന്നിൽ പാർട്ടിയിലെ ഉന്നത നേതൃത്വത്തിൻ്റ പിന്തുണയുണ്ടെന്നാണ് സതീശൻ പക്ഷത്തിൻ്റെ പ്രധാന വിലയിരുത്തൽ. ഈ വിഷയത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി ഉൾപ്പെടെയുള്ളവർക്കെതിരെ സതീശൻ ചേരിക്ക് ശക്തമായ സംശയമുണ്ട്.
പാർട്ടിയുടെ പുനഃസംഘടന വൈകിപ്പിക്കുന്നതിന് പിന്നിൽ ബോധപൂർവ്വമായ നീക്കങ്ങൾ നടന്നിട്ടുണ്ടെന്നും ഇവർ കരുതുന്നു. അടൂർ പ്രകാശ് ഏതെങ്കിലും തരത്തിലുള്ള ഔദ്യോഗിക പരാതി നൽകുകയാണെങ്കിൽ, ശക്തമായ അച്ചടക്ക ലംഘന പ്രശ്നം ഉയർത്തിക്കൊണ്ടുവരാനാണ് സതീശൻ പക്ഷത്തിൻ്റെ തീരുമാനം.
നിലവിലെ സംഭവവികാസങ്ങളിൽ ഹൈക്കമാൻഡിൻ്റെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വി.ഡി. സതീശൻ വിരുദ്ധ വിഭാഗം.
സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനത്തിനായി ഉടൻതന്നെ പ്രത്യേക സമിതി രൂപീകരിക്കണമെന്നും, പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുൻപ് കൂട്ടിയാലോചനകൾ നിർബന്ധമാക്കണമെന്നുമാണ് ഇവരുടെ പ്രധാന ആവശ്യം.
അതേസമയം, മുഖ്യമന്ത്രി വേണ്ടത്ര കൂടിയാലോചനകൾ നടത്തുന്നില്ലെന്ന പരാതി നേരിട്ട് ഹൈക്കമാൻഡിനെ ധരിപ്പിക്കാനാണ് യുഡിഎഫ് കണ്വീനറുടെ നീക്കം. ഇതിൻ്റെ ഭാഗമായി അടൂർ പ്രകാശ് വരുന്ന തിങ്കളാഴ്ച ഡൽഹിയിലെത്തും.
നേതാക്കൾ പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുന്നതിനെ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പരസ്യമായി തള്ളിക്കളഞ്ഞ സാഹചര്യത്തിൽ, ഇനിമുതൽ നേതാക്കളുടെ ഭാഗത്തുനിന്നും പരസ്യ പ്രതികരണങ്ങൾ ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

