ഇരിട്ടി വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ 38-ാം നമ്പർ പൊതുകല്ലറയിൽ കണ്ടെത്തിയ അജ്ഞാത വസ്തുവിനെക്കുറിച്ച് ഇന്ന് ശാസ്ത്രീയ പരിശോധന നടക്കും. 11 വർഷം മുൻപ് അവസാനമായി മൃതദേഹം അടക്കിയ ഈ കല്ലറ തുറന്ന് പരിശോധിക്കാൻ തലശ്ശേരി ആർഡിഒ കോടതി പോലീസിന് ഔദ്യോഗികമായി അനുമതി നൽകി.
ഇരിട്ടി തഹസിൽദാറുടെയും മെഡിക്കൽ ബോർഡ് പ്രതിനിധികളുടെയും സാന്നിധ്യത്തിലാകും പരിശോധനാ നടപടികൾ പൂർത്തിയാക്കുകയെന്ന് കരിക്കോട്ടക്കരി പോലീസ് വ്യക്തമാക്കി. പരിശോധന നടക്കുന്ന സമയത്ത് പ്രദേശത്ത് കർശന നിയന്ത്രണമുണ്ടാകും.
കല്ലറയ്ക്കുള്ളിൽ അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ശാസ്ത്രീയമായി സാംപിളുകൾ ശേഖരിക്കുമെന്നും, ആവശ്യമെങ്കിൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഈ മാസം 13-ന് ഇടവകയിലെ ഒരു മൃതദേഹം സംസ്കരിക്കുന്നതിനായി കല്ലറ തുറന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഒരു മൃതദേഹം പെട്ടിയിൽ അടക്കം ചെയ്ത നിലയിലും മറ്റൊന്ന് പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞ നിലയിലും കാണപ്പെടുകയായിരുന്നു. ക്രിസ്തീയ ആചാരപ്രകാരം മൃതദേഹം പായയിൽ പൊതിഞ്ഞ് സംസ്കരിക്കാറില്ല എന്ന വസ്തുതയാണ് നാട്ടുകാരിൽ ആശങ്ക പടർത്തിയത്.
തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, 2006-ൽ സംസ്കരിച്ച മറിയം മൊയ്യപ്പള്ളിയിലിന്റെയും 2015-ൽ സംസ്കരിച്ച ജയിംസ് കൂമ്പുക്കലിന്റെയും ബന്ധുക്കളെ പോലീസ് സ്ഥലത്തെത്തിച്ച് മൊഴിയെടുത്തിരുന്നു. ആരെയും പായയിൽ പൊതിഞ്ഞ് അടക്കം ചെയ്തിട്ടില്ലെന്നും, ജയിംസിനെ ക്രിസ്തീയ ആചാരപ്രകാരം പെട്ടിയിലാണ് സംസ്കരിച്ചതെന്നും ബന്ധുക്കൾ വ്യക്തമാക്കി.
കണ്ണൂർ റൂറൽ ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രൻ, പേരാവൂർ ഡിവൈഎസ്പി മോഹനചന്ദ്രൻ, കരിക്കോട്ടക്കരി എസ്എച്ച്ഒ ആർ.എൻ.
പ്രശാന്ത്, പ്രിൻസിപ്പൽ എസ്ഐ എം.ജെ. ബെന്നി എന്നിവർ വികാരി ഫാ.
ജിൽബെറ്റ് കൊന്നയിലിമായി ചർച്ച നടത്തി. തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്ന വികാരിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
അതേസമയം, വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ടും ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുടുംബം മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഡിജിപി കണ്ണൂർ റൂറൽ എസ്പിക്കും കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്കും അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

