തിരുവനന്തപുരം: മദ്യപിക്കുന്നതിനായി പണം നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഭർത്താവ് പിടിയിലായി. ഐരാണിമുട്ടം ചിറപ്പാലം ആറ്റുവരമ്പിൽ വീട്ടിൽ കുമാർദാസ് (40) ആണ് ഫോർട്ട് പൊലീസിന്റെ പിടിയിലായത്.
മെയ് 21-ന് പുലർച്ചെ ഒരുമണിയോടെ ഫോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിറപ്പാലം മിനി കോളനിയിലായിരുന്നു സംഭവം. മദ്യം വാങ്ങാൻ പണം ആവശ്യപ്പെട്ടപ്പോൾ യുവതി വിസമ്മതിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.
തുടർന്ന് ഇയാൾ യുവതിയെ മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. ആക്രമണത്തിനിടെ യുവതിയുടെ ശരീരത്തിൽ സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിക്കുകയും വിറകുകൊള്ളി ഉപയോഗിച്ച് മാരകമായി മർദിക്കുകയും ചവിട്ടുകയും ചെയ്തു.
കൂടാതെ യുവതിയെ ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതിക്കെതിരെ ഇതിനുമുമ്പും നിരവധി കേസുകൾ നിലവിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഫോർട്ട്, തമ്പാനൂർ, കരമന, വഞ്ചിയൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലായി ഏഴോളം വധശ്രമ, ആക്രമണക്കേസുകളിൽ പ്രതിയാണ് കുമാർദാസ് എന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

