ഹോർമുസ് കടലിടുക്കിലെ സംഘർഷാന്തരീക്ഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന അതിരൂക്ഷമായ ഇന്ധന പ്രതിസന്ധിക്ക് പരിഹാരം കാണാൻ സ്വന്തമായി എണ്ണ ഖനനം ആരംഭിക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഏകദേശം രണ്ട് പതിറ്റാണ്ടിന് ശേഷം ആഴക്കടൽ സമുദ്ര പര്യവേഷണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
സിന്ധ്, ബലൂച്ചിസ്ഥാൻ മേഖലയോട് ചേർന്നുള്ള സിന്ധു – മക്രാൻ സമുദ്ര ഭാഗത്തായിരിക്കും ഖനനവുമായി ബന്ധപ്പെട്ട പര്യവേഷണങ്ങൾ നടക്കുക.
നിലവിൽ രാജ്യത്തിനാവശ്യമായ മുഴുവൻ ക്രൂഡ് ഓയിലും ഇറക്കുമതിയെ ആശ്രയിച്ചാണ് പാക്കിസ്ഥാൻ കണ്ടെത്തുന്നത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലുണ്ടാകുന്ന നേരിയ മാറ്റങ്ങൾ പോലും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ കാര്യമായി ബാധിക്കാറുണ്ട്.
ഹോർമുസ് കടലിടുക്കിലുണ്ടായ പ്രതിസന്ധികൾ മൂലം പെട്രോൾ, ഡീസൽ വില കുത്തനെ ഉയർന്നത് പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയെ വലിയ ആഘാതത്തിലേക്കാണ് തള്ളിവിട്ടത്. ഇതിനെത്തുടർന്ന് സർക്കാർ ഓഫീസുകളിൽ ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്താനും സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനും അധികൃതർ നിർബന്ധിതരായിരുന്നു.
നേരത്തെ പാക്കിസ്ഥാൻ തീരത്ത് ക്രൂഡ് ഓയിലിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നെങ്കിലും, സാങ്കേതിക വിദ്യയുടെ അഭാവവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഖനനത്തിന് തിരിച്ചടിയായിരുന്നു. 2019-ൽ വിദേശ കമ്പനികളുടെ പങ്കാളിത്തത്തോടെ ‘കെക്ര -1’ എന്ന പേരിൽ ആരംഭിച്ച ആഴക്കടൽ പ്ലാന്റ് അധികം വൈകാതെ പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നതും ചരിത്രമായി.
ഇത്തവണത്തെ പദ്ധതി പ്രകാരം പ്രാദേശിക കമ്പനികൾ ഏകദേശം 8.2 കോടി ഡോളർ എണ്ണ പര്യവേഷണത്തിനായി നിക്ഷേപിക്കും. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഇത് 100 കോടി ഡോളറായി വർധിക്കുമെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.
നിലവിൽ 54,600 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള 23 ഓഫ്ഷോർ ബ്ലോക്കുകൾ വികസിപ്പിക്കാനാണ് ഔദ്യോഗിക അനുമതി നൽകിയിരിക്കുന്നത്. എനർജി സിറ്റി പദ്ധതി
ഇന്ധന ലഭ്യതയിലെ തടസങ്ങൾ പരിഹരിക്കുന്നതിനായി പശ്ചിമേഷ്യൻ രാജ്യങ്ങളുടെ എണ്ണശേഖരം പാക്കിസ്ഥാനിൽ സൂക്ഷിക്കാനും അധികൃതർ പദ്ധതിയിടുന്നുണ്ട്.
ഇതിനായി ചൈനീസ് സഹായത്തോടെ നിർമിക്കുന്ന ഗ്വാദർ തുറമുഖത്ത് ഒരു ‘എനർജി സിറ്റി’ സ്ഥാപിക്കാനാണ് നീക്കം. ഇത് ഭാവിയിൽ രാജ്യത്തിന്റെ ഇന്ധന സുരക്ഷയിൽ നിർണായക പങ്കുവഹിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

