വിദേശത്തുവച്ചുണ്ടായ അഗ്നിബാധയിൽ ഗുരുതരമായി പൊള്ളലേറ്റ പത്തുവയസ്സുകാരി ഐറിന്റെ ചികിത്സാച്ചെലവ് ഏറ്റെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. എത്ര വലിയ തുക ചെലവായാലും സർക്കാർ സഹായം ലഭ്യമാക്കുമെന്നും, അതിന് സാധിക്കാത്ത സാഹചര്യമുണ്ടായാൽ സ്വന്തം നിലയ്ക്ക് സഹായം നൽകുമെന്നും മുഖ്യമന്ത്രി കുടുംബത്തിന് വാഗ്ദാനം നൽകി.
ചികിത്സയുടെ പ്രാഥമിക ഘട്ടം പൂർത്തിയാക്കിയ ശേഷം ഐറിൻ മുഖ്യമന്ത്രിയെ നേരിൽ കണ്ടപ്പോഴാണ് ഈ ഉറപ്പു ലഭിച്ചത്. ഈ സഹായവാഗ്ദാനം കുടുംബത്തിന് വലിയ ആശ്വാസമാണ് പകർന്നിരിക്കുന്നത്.
ഒമാനിലെ താമസസ്ഥലത്ത് 2023 ജൂലൈ 26-നാണ് ദാരുണമായ സംഭവം നടന്നത്. എസിയിൽ നിന്നു തീ പടർന്നുണ്ടായ അപകടത്തിൽ, ഇടുക്കി ചുരുളി ആൽപാറ സ്വദേശികളായ ബിനു, ഭാര്യ ക്രസ്റ്റീന, ഇവരുടെ മൂന്നു മക്കൾ എന്നിവർക്ക് പൊള്ളലേറ്റു.
ഒമാനിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ബിനുവിനും സ്വകാര്യ ആശുപത്രിയിലെ നഴ്സായ ക്രസ്റ്റീനയ്ക്കും ഒപ്പമായിരുന്നു കുട്ടികൾ താമസിച്ചിരുന്നത്. അഞ്ചുപേർക്കും പൊള്ളലേറ്റതോടെ ചികിത്സയ്ക്കായി ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയാണ് കുടുംബത്തിനുണ്ടായത്.
ഇതിൽ 70 ശതമാനത്തോളം പൊള്ളലേറ്റ ഐറിന്റെ ആരോഗ്യസ്ഥിതിയായിരുന്നു അതീവ ഗുരുതരം. നാട്ടിലെത്തിയ കുടുംബത്തെ അയൽവാസിയും മുൻ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ ബിനോയി വർക്കി മുൻകൈയെടുത്ത് കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചു.
തുടർന്ന് ഐറിനെ വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സാമ്പത്തികമായി തകർന്ന കുടുംബത്തിന് ഭീമമായ ചികിത്സാച്ചെലവ് താങ്ങാനാകാത്ത അവസ്ഥയിലായിരുന്നു.
തുടർന്നാണ് ബിനോയി വർക്കിയുടെ നേതൃത്വത്തിൽ കുടുംബത്തെ തിരുവനന്തപുരത്ത് എത്തിച്ച് മുഖ്യമന്ത്രിയെ കാണാൻ സൗകര്യമൊരുക്കിയത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടർന്ന് ചികിത്സയുമായി മുന്നോട്ടുപോകാൻ കുടുംബത്തിന് സാധിച്ചു.
ഒമാനിലെ ചികിത്സയ്ക്കിടെ ഉണ്ടായ 20 ലക്ഷത്തോളം രൂപയുടെ കടബാധ്യത തീർക്കുന്നതിനായി ബിനു കഴിഞ്ഞ ദിവസം വീണ്ടും ഒമാനിലേക്ക് മടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

