ആലപ്പുഴ ജില്ലയിലെ തുറവൂരിൽ, കിടപ്പുരോഗിയായ മാതാവിനെ സംരക്ഷിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ വനിതാ-ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. സിപിഎം ഹൈസ്കൂൾ വാർഡ് ബ്രാഞ്ച് സെക്രട്ടറിയായ പ്രസന്നകുമാർ ഉദ്യോഗസ്ഥരെ വീട്ടിൽ പൂട്ടിയിട്ട് മർദിച്ചതായാണ് പരാതി.
സംഭവത്തിൽ പരുക്കേറ്റ ആലപ്പുഴ വനിതാ സംരക്ഷണ ഓഫിസർ മായ എസ്.പണിക്കർ, കൗൺസലർ അഞ്ജന, ഡ്രൈവർ ലോറൻസ് എന്നിവർ തുറവൂർ ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
പട്ടണക്കാട് അഞ്ചാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന സതി (88) എന്ന വയോധികയെ മകൻ പ്രസന്നകുമാർ കൃത്യമായി പരിചരിക്കുന്നില്ലെന്ന് കാണിച്ച് ഇവരുടെ മകൾ അമ്പിളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ഇന്നലെ രാവിലെ പത്തിന് വീട്ടിലെത്തിയ ഉദ്യോഗസ്ഥർ സതിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ പ്രസന്നകുമാർ എത്തുകയും അവരെ ചോദ്യം ചെയ്യുകയുമായിരുന്നു.
തുടർന്ന് വീടിന്റെ വാതിൽ അടച്ചു കുറ്റിയിട്ട ശേഷം മായയുടെ കഴുത്തിൽ കുത്തിപ്പിടിച്ച് മർദിച്ചുവെന്നാണ് പരാതി.
വായിൽനിന്ന് രക്തസ്രാവമുണ്ടായ മായ നിലവിളിച്ചതോടെ, തടയാൻ ശ്രമിച്ച അഞ്ജനയെയും ഇയാൾ മർദിച്ചു. വീട്ടിൽ നിന്ന് രക്ഷപ്പെട്ട
ഉദ്യോഗസ്ഥർക്കുനേരെ പുറത്തുവെച്ച് ഡ്രൈവർ ലോറൻസിനെയും പ്രതി ആക്രമിച്ചതായി പരാതിയിൽ പറയുന്നു. പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ പരാതി നൽകി.
കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് പ്രസന്നകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയതായി എസ്എച്ച്ഒ കെ.എസ്.ജയൻ അറിയിച്ചു.
അതേസമയം, സംഭവത്തിൽ കർശന നിയമ നടപടി സ്വീകരിക്കാൻ മന്ത്രി ബിന്ദു കൃഷ്ണ ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും നിർദേശം നൽകി. പരുക്കേറ്റ ഉദ്യോഗസ്ഥരുമായി മന്ത്രി ഫോണിൽ സംസാരിക്കുകയും നേരിൽ കാണുമെന്ന് അറിയിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

