ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യത്ത് നിന്ന് ലോകത്തെ ഏറ്റവും വലിയ പ്രതിരോധ സാമഗ്രി കയറ്റുമതി രാജ്യമായി ഇന്ത്യയെ മാറ്റുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. മേയ് 24, 2026-ൽ ഷിർദിയിൽ നടന്ന പുതിയ ആയുധനിർമാണശാലയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും 25-30 വർഷത്തിനുള്ളിൽ ഈ സുപ്രധാന ലക്ഷ്യം കൈവരിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. “സ്വന്തമായി ആയുധങ്ങൾ നിർമിക്കുന്ന രാജ്യങ്ങൾക്കേ സ്വന്തം ഭാവി സ്വയം എഴുതാനാകൂ” എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രതിരോധ നിർമാണ രംഗത്തെ സ്വകാര്യ പങ്കാളിത്തം സംബന്ധിച്ചും മന്ത്രി വിവരങ്ങൾ പങ്കുവെച്ചു. മുൻകാലങ്ങളിൽ വളരെ പരിമിതമായിരുന്ന സ്വകാര്യ പങ്കാളിത്തം നിലവിൽ 25-30 ശതമാനമായി വർധിച്ചിട്ടുണ്ട്.
ഇത് വരും വർഷങ്ങളിൽ 50 ശതമാനത്തിലേക്ക് ഉയർത്താനാണ് ലക്ഷ്യമിടുന്നത്. വെറും സ്പെയർ പാർട്സുകൾ മാത്രമല്ല, അത്യാധുനിക ആയുധ സംവിധാനങ്ങൾ കൂടി സ്വകാര്യ മേഖലയിൽ നിർമിക്കുന്നുണ്ടെന്നത് നേട്ടമാണ്.
സ്വാതന്ത്ര്യാനന്തരമുള്ള ദശകങ്ങളിൽ പ്രതിരോധ മേഖലയിലെ കഴിവുകളും ആധുനിക ആവശ്യങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചിരുന്നു. എന്നാൽ വിദേശ നിക്ഷേപങ്ങളിൽ വരുത്തിയ ഇളവുകളും തദ്ദേശീയമായി നിർമിക്കേണ്ട
5,000 പ്രതിരോധ സാമഗ്രികളുടെ പട്ടിക പുറത്തിറക്കിയതും ഉൾപ്പെടെയുള്ള നടപടികൾ മേഖലയ്ക്ക് വലിയ ഉണർവേകിയിട്ടുണ്ട്. നൈബ് ഗ്രൂപ്പ് ഷിർദിയിൽ സ്ഥാപിച്ച 200 ഏക്കർ വിസ്തൃതിയുള്ള പുതിയ ഫാക്ടറിയാണ് ഉദ്ഘാടനം ചെയ്തത്.
പീരങ്കി ഉണ്ടകളും എയ്റോസ്പേസ് ഘടകങ്ങളും ഇവിടെ നിർമിക്കും. ഈ പദ്ധതിയിലൂടെ രണ്ടായിരത്തോളം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്നും ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുമെന്നും കമ്പനി അധികൃതർ അറിയിച്ചു.
ചടങ്ങിന് ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ദേവേന്ദ്ര ഫഡ്നാവിസും ഷിർദി സായിബാബ ക്ഷേത്രത്തിൽ ദർശനം നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

