പഞ്ചാബിലെ കപൂർത്തല ജയിലിൽ തടവുകാർ തമ്മിൽ ഉണ്ടായ സംഘർഷം ജയിൽ വളപ്പിനെ മണിക്കൂറുകളോളം സംഘർഷഭരിതമാക്കി. ശനിയാഴ്ച രാത്രി 8:30-ഓടെയാണ് അനിഷ്ട
സംഭവങ്ങൾ ആരംഭിച്ചത്. ജയിലിലെ ഒരു തടവുകാരനുമായി ഉണ്ടായ നിസ്സാരമായ തർക്കം പിന്നീട് തടവുകാരും വിചാരണ തടവുകാരും തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്ക് വഴിമാറുകയായിരുന്നു.
അക്രമാസക്തരായ തടവുകാർ ജയിലിനുള്ളിലെ കെട്ടിടങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ വ്യാപകമായ ആക്രമണം നടത്തി. ഇതിന്റെ ഭാഗമായി ജയിലിലെ നാലാം നമ്പർ ബാരക്കിന്റെ ഭിത്തികൾ തടവുകാർ തകർക്കുകയും ജയിലിന്റെ ഒരു ഭാഗത്ത് തീയിടാൻ ശ്രമിക്കുകയും ചെയ്തു.
ജയിലിനുള്ളിൽ നിന്നും പുക ഉയരുന്നത് പരിഭ്രാന്തിക്ക് കാരണമായി. സ്ഥിതിഗതികൾ നിയന്ത്രിക്കാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കും പൊലീസുകാർക്കും നേരെ തടവുകാർ കല്ലെറിയുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു.
സംഭവത്തിന് ശേഷം തടവുകാർ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഘർഷം നിയന്ത്രിക്കാൻ പൊലീസ് വെടിവെയ്പ്പ് നടത്തിയെന്നും, ഒരു തടവുകാരന് വെടിയേറ്റതായും വീഡിയോകളിൽ ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും ഇക്കാര്യം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
തുടർന്ന്, ജലന്ധർ റേഞ്ച് ഡിഐജിയും കപൂർത്തല എസ്എസ്പിയും സ്ഥലത്തെത്തി രാത്രി വൈകിയും സ്ഥിതിഗതികൾ നിരീക്ഷിച്ചു. നിലവിൽ സാഹചര്യം പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു.
സുരക്ഷാ വീഴ്ചയെക്കുറിച്ചും അക്രമസംഭവങ്ങളുടെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചും ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കപൂർത്തല ജയിലിൽ അനുവദനീയമായതിലും കൂടുതൽ തടവുകാർ കഴിയുന്നത് സുരക്ഷാ വെല്ലുവിളികൾ ഉയർത്തുന്നുവെന്ന പരാതികൾ നേരത്തെ തന്നെ നിലവിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

