ബെംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സുൽത്താൻ ബത്തേരി സ്വദേശിയായ പ്രതിയെ കർണാടക പൊലീസ് വയനാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ഹൈനസ് എന്നയാളെ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വയനാട്ടിൽ വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് ട്രാൻസിറ്റ് വാറന്റുമായാണ് കർണാടക പൊലീസ് ഇയാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്.
സംഭവത്തിന്റെ പശ്ചാത്തലം
മേയ് 12 ന് മഡിവാളയിലെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വെച്ചാണ് ഇരുപതുകാരിയായ മലയാളി വിദ്യാർഥിനി പീഡനത്തിനിരയായത്. സംഭവത്തെത്തുടർന്ന് പിറ്റേദിവസം തന്നെ മഡിവാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ അധികൃതർ തയാറായിരുന്നില്ല.
തുടർന്ന് പെൺകുട്ടിയും സുഹൃത്തുക്കളും ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപിയെ നേരിട്ട് കണ്ട് വിവരം ധരിപ്പിക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥന്റെ കർശന നിർദേശത്തെത്തുടർന്ന് മേയ് 18 നാണ് സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
പ്രതിയുടെ ഇടപെടൽ
ബെംഗളൂരുവിൽ വിദ്യാർഥിനിയായ പെൺകുട്ടി കോഴിക്കോട് കൊയിലാണ്ടി സ്വദേശികളുടെ ചായക്കടയിൽ പാർട് ടൈം ജോലി ചെയ്തിരുന്നു. ഈ കട
വിൽക്കാൻ ഉടമകൾ തീരുമാനിച്ച സാഹചര്യത്തിൽ സഹായിക്കാനെന്ന വ്യാജേനയാണ് ഹൈനസ് അവിടെ എത്തിയത്. ഇയാൾ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു പെൺകുട്ടിയും സുഹൃത്തുക്കളും.
പാർട്ടിക്ക് ശേഷം രാത്രി പന്ത്രണ്ടുമണിയോടെ സുഹൃത്തുക്കളെ ജ്യൂസ് വാങ്ങാനായി പുറത്തേക്ക് പറഞ്ഞയച്ച തക്കത്തിന് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതി കുറ്റം സമ്മതിക്കുന്നതും യുവതിയോടും സുഹൃത്തുക്കളോടും മാപ്പുപറയുന്നതുമായ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം, കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി കസ്റ്റഡിയിൽ വാങ്ങുന്ന നടപടികളിലേക്ക് പൊലീസ് കടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

