വാഷിംഗ്ടൺ: സ്പേസ് എക്സിന്റെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ സ്റ്റാർഷിപ്പിന്റെ ആറാമത് പരീക്ഷണ പറക്കലിനിടെ തിരിച്ചടി. പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെ റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു.
ശനിയാഴ്ച നടന്ന പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ് വിക്ഷേപണ വാഹനം പൂർണ്ണമായും തകർന്ന് തീഗോളമായി മാറിയത്. വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയ ശേഷം അന്തരീക്ഷത്തിലൂടെ ഭൂമിയിലേക്ക് തിരികെ ഇറങ്ങുന്ന ഘട്ടം വരെ എല്ലാം ആസൂത്രണം ചെയ്ത രീതിയിൽ തന്നെയാണ് മുന്നോട്ട് പോയത്.
എന്നാൽ, ഇന്ത്യൻ മഹാസമുദ്രത്തിലെ നിശ്ചിത കേന്ദ്രത്തിൽ സാവധാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റോക്കറ്റിൽ പെട്ടെന്ന് തീപിടിക്കുകയും നിമിഷങ്ങൾക്കുള്ളിൽ വൻ സ്ഫോടനത്തോടെ തകരുകയുമായിരുന്നു. റോക്കറ്റിൽ നിന്നും തത്സമയം ലഭ്യമായ ദൃശ്യങ്ങളിൽ വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങൾ കത്തിയമരുന്നത് വ്യക്തമായിരുന്നു.
ഈ സ്ഫോടനത്തെ പരാജയമായി കാണുന്നില്ലെന്നും പരീക്ഷണത്തിന്റെ സ്വാഭാവികമായ ഭാഗമായാണ് വിലയിരുത്തുന്നതെന്നും സ്പേസ് എക്സ് വക്താക്കൾ വ്യക്തമാക്കി. റോക്കറ്റിന്റെ ലാൻഡിംഗ് ശേഷിയും താപ പ്രതിരോധ കവചങ്ങളുടെ കരുത്തും പരിശോധിക്കുകയായിരുന്നു ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
മുൻപത്തെ പരീക്ഷണങ്ങളെ അപേക്ഷിച്ച് കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ ഘട്ടങ്ങളിലൂടെയാണ് റോക്കറ്റ് കടന്നുപോയതെന്നും, ലഭിച്ച വിവരങ്ങൾ ഭാവിയിലെ ദൗത്യങ്ങൾക്ക് വലിയ ഗുണകരമാകുമെന്നും കമ്പനി അറിയിച്ചു. മനുഷ്യനെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റാണ് സ്റ്റാർഷിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

