അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ പദവിയിൽ നിന്ന് തുളസി ഗബ്ബാർഡ് ഔദ്യോഗികമായി രാജിവെച്ചു. 2026 മെയ് 22-നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അവർ തന്റെ രാജി സമർപ്പിച്ചത്.
2026 ജൂൺ 30-ഓടെ ഗബ്ബാർഡ് സ്ഥാനമൊഴിയുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തന്റെ ഭർത്താവായ എബ്രഹാം വില്യംസിന് ബാധിച്ച അപൂർവമായ അസ്ഥി അർബുദത്തെ തുടർന്ന് അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനാണ് താൻ ഈ പദവി ഒഴിയുന്നതെന്ന് ഗബ്ബാർഡ് വ്യക്തമാക്കിയിട്ടുള്ളത്.
ട്രംപിന്റെ രണ്ടാം ഭരണകൂടത്തിൽ നിന്നും രാജിവെക്കുന്ന നാലാമത്തെ കാബിനറ്റ് അംഗമാണ് തുളസി ഗബ്ബാർഡ്. ഇതിനു മുൻപ് അറ്റോർണി ജനറൽ പാം ബോണ്ടി, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം, ലേബർ സെക്രട്ടറി ലോറി ഷാവേസ്-ഡിറെമർ എന്നിവർ വിവിധ കാരണങ്ങളാൽ പദവികൾ ഒഴിഞ്ഞിരുന്നു.
ഗബ്ബാർഡിന്റെ രാജി സ്വീകരിച്ചുകൊണ്ട്, തന്റെ ഭരണകാലത്ത് അവർ മികച്ച രീതിയിൽ പ്രവർത്തിച്ചതായി പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു. തുടർനടപടികൾ എന്ന നിലയിൽ ആരോൺ ലൂക്കാസിനെ നാഷണൽ ഇന്റലിജൻസ് ആക്ടിംഗ് ഡയറക്ടറായി നിയമിച്ച വിവരം ട്രംപ് തന്റെ സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴി അറിയിച്ചു.
2025 ഫെബ്രുവരിയിലാണ് തുളസി ഗബ്ബാർഡ് ഈ നിർണ്ണായക പദവിയിൽ നിയമിതയായത്. ഇറാനുമായി ബന്ധപ്പെട്ട
വിഷയങ്ങളിലും ഇന്റലിജൻസ് വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായി അവർക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഭഗവദ്ഗീതയിൽ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്ത അമേരിക്കൻ കോൺഗ്രസിലെ ആദ്യത്തെ ഹിന്ദു അംഗം കൂടിയാണ് ഗബ്ബാർഡ്.
2020-ൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച അവർ, പിന്നീട് ഡെമോക്രാറ്റിക് പാർട്ടി വിട്ടാണ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

