അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തന്റെ എതിരാളികളും വിമർശകരും ഉന്നയിക്കുന്ന ആരോപണങ്ങൾക്കിടയിൽ, തന്റെ മാനസികാരോഗ്യം സംബന്ധിച്ച നിലപാട് വ്യക്തമാക്കി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ന്യൂയോർക്കിൽ സംഘടിപ്പിച്ച റാലിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
തന്നോട് പലരും മോശമായ രീതിയിൽ പെരുമാറാറുണ്ടെന്നും, ‘ബുദ്ധിശൂന്യൻ’ എന്ന് വിളിക്കുന്നത് തനിക്ക് ഒട്ടും യോജിക്കാൻ കഴിയാത്ത കാര്യമാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ, തന്നെ ഒരു ‘മിടുക്കനായ ഏകാധിപതി’ എന്ന് വിശേഷിപ്പിക്കുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റാലിക്കിടെ തന്റെ ഡോക്ടറുമായുള്ള സംഭാഷണം പങ്കുവെച്ചുകൊണ്ട് ട്രംപ് പറഞ്ഞതിങ്ങനെ: “അവർ എന്നെ ഏറ്റവും മോശമായ രീതിയിലാണ് ആക്രമിച്ചത്. അവൻ ഒരു ബുദ്ധിശൂന്യനാണ് എന്ന് അവർ പറഞ്ഞു.
അവർ എന്നെ മിടുക്കനായ ഒരു ഏകാധിപതി എന്ന് വിളിച്ചാൽ എനിക്ക് കുഴപ്പമില്ല, പക്ഷേ ബുദ്ധിശൂന്യൻ എന്ന് വിളിക്കുന്നത് എനിക്ക് സഹിക്കാനാകില്ലെന്ന് ഞാൻ ഡോക്ടറോട് പറഞ്ഞു.” വിമർശകരുടെ വായടപ്പിക്കാൻ എന്തെങ്കിലും പരിശോധനയുണ്ടോ എന്ന് ഡോക്ടറോട് ആരാഞ്ഞപ്പോൾ, കോഗ്നിറ്റീവ് ടെസ്റ്റ് അഥവാ മാനസിക ശേഷി പരിശോധനയുണ്ടെന്നായിരുന്നു മറുപടി. മുൻപ് ഒരു പ്രസിഡന്റും ഈ പരിശോധനയ്ക്ക് വിധേയരായിട്ടില്ലെന്നും ഡോക്ടർ അറിയിച്ചതായി ട്രംപ് പറഞ്ഞു.
ഈ പരിശോധനയിലെ ചോദ്യങ്ങൾ തുടക്കത്തിൽ ലളിതമാണെങ്കിലും അവസാന ഭാഗത്തേക്ക് എത്തുമ്പോൾ ഏറെ കഠിനമാകുമെന്നും, താൻ മൂന്ന് തവണ ഈ പരിശോധന വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾക്ക് കോഗ്നിറ്റീവ് ടെസ്റ്റ് നിർബന്ധമാക്കണമെന്ന് അദ്ദേഹം തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യൽ വഴി ആവശ്യപ്പെട്ടു.
ബരാക് ഒബാമ, ജോ ബൈഡൻ എന്നിവരെപ്പോലെയുള്ളവർ തിരഞ്ഞെടുക്കപ്പെടുന്നത് തടയാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വാദിക്കുന്നു. എങ്കിലും, ട്രംപിന്റെ ഈ അവകാശവാദങ്ങൾക്കെതിരെ മെഡിക്കൽ വിദഗ്ധർ രംഗത്തെത്തിയിട്ടുണ്ട്.
ട്രംപ് പരാമർശിച്ച ‘മോൺട്രിയൽ കോഗ്നിറ്റീവ് അസസ്മെന്റ്’ എന്നത് ഡിമൻഷ്യ (മറവിരോഗം) പോലുള്ള രോഗങ്ങൾ കണ്ടെത്താനുള്ള പ്രാഥമിക പരിശോധന മാത്രമാണെന്ന് ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ ഡോ. ഹെൻറി ഡേവിഡ് എബ്രഹാം ചൂണ്ടിക്കാട്ടി.
ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയധികം തവണ ഈ ടെസ്റ്റ് നടത്തേണ്ടി വന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ, ട്രംപിന്റെ മാനസിക ശേഷി ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്ന ആരോപണവുമായി ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ മുൻ പ്രഫസർ ഡോ.
ജോൺ ഗാർട്നറും രംഗത്തെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

