കാൺപൂർ: കാൺപൂർ കോടതി പരിസരത്ത് 23 വയസ്സുകാരനായ അഭിഭാഷകൻ പ്രിയാൻഷു ശ്രീവാസ്തവ അഞ്ചാം നിലയിൽ നിന്ന് ചാടി മരിച്ചു. ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് തന്റെ വാട്സാപ്പ് സ്റ്റാറ്റസിലൂടെ പിതാവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന കത്ത് ഇയാൾ പങ്കുവെച്ചിരുന്നു.
വർഷങ്ങളായി പിതാവ് തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും ആ ശ്വാസംമുട്ടലിൽ ഇനി ജീവിക്കാൻ കഴിയില്ലെന്നും കത്തിൽ പറയുന്നു. ‘ആറാം വയസ്സിൽ ഫ്രിഡ്ജിൽ നിന്ന് ചോദിക്കാതെ മാംഗോ ജ്യൂസ് എടുത്തു കുടിച്ചതിന് എന്നെ നഗ്നനാക്കി വീടിന് പുറത്താക്കി.
മാതാപിതാക്കൾ കുട്ടികളോട് കർക്കശക്കാരാകണം, എന്നാൽ അത് ശ്വാസംമുട്ടിക്കുന്ന രീതിയിലാകരുത്,’ പ്രിയാൻഷു കുറിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ പഠിക്കാനായിരുന്നു ആഗ്രഹമെങ്കിലും പിതാവ് നിർബന്ധിച്ച് കമ്പ്യൂട്ടർ സയൻസ് പഠിപ്പിച്ചു.
തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അനാവശ്യമായ ഇടപെടലുകൾ പിതാവ് നടത്തിയിരുന്നുവെന്നും ഇത് തന്നെ മാനസിക സമ്മർദ്ദത്തിലാക്കിയെന്നും യുവാവ് പറയുന്നു. ‘എന്റെ ശരീരം തൊടാൻ പിതാവിനെ അനുവദിക്കരുത്.
ആർക്കും ഇതുപോലൊരു അച്ഛനെ കിട്ടാതിരിക്കട്ടെ. മാതാപിതാക്കളോട് ഒരപേക്ഷയുണ്ട്, കുട്ടികൾക്ക് താങ്ങാവുന്നതിലപ്പുറം അവരെ പീഡിപ്പിക്കരുത്.
ഞാൻ തോറ്റു, പപ്പ ജയിച്ചു. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ,’ എന്ന വികാരനിർഭരമായ വരികളോടെയാണ് കത്ത് അവസാനിക്കുന്നത്.
സംഭവസമയത്ത് കോടതിയുടെ അഞ്ചാം നിലയിൽ ഫോണിൽ സംസാരിച്ചു നിന്ന പ്രിയാൻഷു പെട്ടെന്ന് താഴേക്ക് ചാടുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
പ്രിയാൻഷുവിന്റെ പിതാവും ഒരു അഭിഭാഷകനാണ്. മകന്റെ വേർപാടിൽ നടുങ്ങിയ അദ്ദേഹം പ്രതികരിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക.
ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

