ഉച്ചകഴിഞ്ഞ് 3.43-ഓടെ മലനിരകളുടെ പശ്ചാത്തലത്തിൽ തുരങ്കമുഖം പിന്നിട്ട് മധുര–ഗുരുവായൂർ എക്സ്പ്രസ് കേരള മണ്ണിലേക്ക് പ്രവേശിച്ചപ്പോൾ പിറന്നത് റെയിൽവേ ചരിത്രത്തിലെ പുതിയൊരു അധ്യായം. സംസ്ഥാനത്തേക്ക് ആദ്യമായി എത്തിയ വിസ്റ്റാഡോം കോച്ചിനെ വരവേൽക്കാൻ ആര്യങ്കാവ് സ്റ്റേഷനിൽ നൂറുകണക്കിന് ആളുകളാണ് എത്തിച്ചേർന്നത്.
എൻ.കെ. പ്രേമചന്ദ്രൻ എംപിയോടൊപ്പം വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും ചേർന്നൊരുക്കിയ മുദ്രാവാക്യ വിളികളുടെയും ആരവങ്ങളുടെയും അകമ്പടിയോടെയാണ് ഈ ചരിത്ര ദൃശ്യം സാക്ഷാത്കരിച്ചത്.
യാത്രയിലുടനീളം ജനങ്ങൾ കൗതുകത്തോടെയാണ് പുതിയ കോച്ചിനെ നോക്കിക്കണ്ടത്. പലരും ഈ അപൂർവ്വ നിമിഷം മൊബൈൽ ഫോണുകളിൽ പകർത്തി.
തെന്മലയുടെ മലനിരകളും ഇടമണിന്റെ പച്ചപ്പും നിറഞ്ഞ പ്രകൃതിഭംഗിയും ചില്ലുജാലകങ്ങളിലൂടെയുള്ള കാഴ്ചകളും യാത്രക്കാർക്ക് വേറിട്ടൊരു അനുഭവമാണ് സമ്മാനിക്കുന്നത്. സീറ്റിലിരുന്ന് തന്നെ ദിശ മാറ്റാൻ സാധിക്കുന്ന രീതിയിലുള്ള അത്യാധുനിക സൗകര്യങ്ങളാണ് വിസ്റ്റാഡോം കോച്ചിൽ ഒരുക്കിയിട്ടുള്ളത്.
കൊല്ലം–ചെങ്കോട്ട റെയിൽപാതയുടെ ചരിത്രപരമായ പ്രാധാന്യം വിളിച്ചോതുന്ന തുരങ്കങ്ങളും പാലങ്ങളും പശ്ചിമഘട്ടത്തിന്റെ ദൃശ്യവിസ്മയങ്ങൾ കൂടുതൽ വ്യക്തതയോടെ ആസ്വദിക്കാൻ ഈ യാത്രാനുഭവം സഹായിക്കും.
കഴുതുരുട്ടി സ്റ്റേഷന് സമീപമുള്ള ചരിത്രപ്രസിദ്ധമായ പതിമൂന്നു കണ്ണറപ്പാലം പിന്നിട്ടുള്ള യാത്ര സഞ്ചാരികൾക്ക് വിസ്മയകരമായ കാഴ്ചയാണ് നൽകുന്നത്. മധുര–ഗുരുവായൂർ എക്സ്പ്രസിലെ വിസ്റ്റാഡോം കോച്ചിലെ ആദ്യ ടിക്കറ്റ് സ്വന്തമാക്കിയത് ഉദുമൽപ്പേട്ട് സ്വദേശിയായ ആർ.നിരേഷ് കുമാർ ആണ്.
കോച്ചിന്റെ വരവ് അറിഞ്ഞ ഉടൻ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത അദ്ദേഹം, മധുര മീനാക്ഷി ക്ഷേത്രദർശനത്തിന് ശേഷമാണ് യാത്ര ആരംഭിച്ചത്. ഗുരുവായൂർ ദർശനത്തിന് ശേഷം പാലക്കാട് വഴി മടങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
വഴിയരികിലെ വിവിധ സ്റ്റേഷനുകളിൽ ട്രെയിനിനും എംപിക്കും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ന്യൂ ആര്യങ്കാവ്, ഇടപ്പാളയം, കഴുതുരുട്ടി, തെന്മല തുടങ്ങിയ സ്റ്റേഷനുകളിൽ യുഡിഎഫ് പ്രവർത്തകരും വിവിധ ഇടങ്ങളിൽ മറ്റ് രാഷ്ട്രീയ കക്ഷി പ്രതിനിധികളും സ്വീകരണം ഒരുക്കി.
ആവണീശ്വരത്ത് നിന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയും കോച്ചിൽ കയറിയതോടെ യാത്രയുടെ ആവേശം വർദ്ധിച്ചു. കൊല്ലം സ്റ്റേഷനിൽ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്.
പ്രശാന്ത് അടക്കമുള്ള പ്രമുഖരുടെ നേതൃത്വത്തിലും വൻ സ്വീകരണം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

