പമ്പാനദിയിൽ പുതിയ ആർച്ച് പാലത്തിന്റെ നിർമാണം പുനരാരംഭിച്ചിട്ട് 3 മാസം പിന്നിട്ടിട്ടും പ്രവൃത്തികൾ മന്ദഗതിയിൽ. നിലവിൽ കമ്പി വളയ്ക്കൽ ജോലികളിൽ മാത്രമാണ് പുരോഗതിയുള്ളത്.
കാര്യമായ മറ്റ് നിർമാണ പ്രവർത്തനങ്ങളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. സമീപന റോഡിന്റെ ലെവലുകൾ എടുത്തുവെങ്കിലും പ്രവൃത്തികൾ ഇനിയും തുടങ്ങിയിട്ടില്ല.
പമ്പാനദിയിലെ പെരുമ്പുഴ ബോട്ടുജെട്ടി, ഉപാസന എന്നീ കടവുകളെ ബന്ധിപ്പിച്ചാണ് പുതിയ ആർച്ച് പാലം യാഥാർത്ഥ്യമാക്കുന്നത്. റാന്നി രാമപുരം ക്ഷേത്രംപടി–ബ്ലോക്കുപടി റോഡാണ് ഇതിനായുള്ള സമീപന പാതയായി വികസിപ്പിക്കുന്നത്.
അഞ്ച് വർഷത്തോളമായി മുടങ്ങിക്കിടന്നിരുന്ന നിർമാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ജൂലൈ 16-നാണ് വീണ്ടും ആരംഭിച്ചത്. 317 മീറ്റർ നീളവും നടപ്പാത ഉൾപ്പെടെ 12 മീറ്റർ വീതിയുമാണ് പാലത്തിനുള്ളത്.
31.79 കോടി രൂപയ്ക്കുള്ള നിർമാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയാണ് ഏറ്റെടുത്തിരിക്കുന്നത്. നിർമാണത്തിലെ നിലവിലെ സ്ഥിതി ആകെ 11 തൂണുകളാണു പാലത്തിനായി വിഭാവനം ചെയ്തിട്ടുള്ളത്.
ഇതിൽ പെരുമ്പുഴ കരയിൽ മൂന്നും പേട്ട കരയിൽ രണ്ടും തൂണുകളുടെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്.
നദിക്കുള്ളിൽ 3 തൂണുകളുടെയും പെരുമ്പുഴ കരയിൽ ഒരു തൂണിന്റെയും പണി ഭാഗികമായി പൂർത്തിയായിട്ടുണ്ട്. എന്നാൽ പേട്ട
കരയിൽ 2 തൂണുകൾ കൂടി ഇനിയൊരു ഘട്ടത്തിൽ നിർമിക്കേണ്ടതുണ്ട്. പെരുമ്പുഴ കരയിൽ പണി പൂർത്തിയായ തൂണുകളെ ബന്ധിപ്പിച്ച് 8 ഗർഡറുകളും സ്ഥാപിച്ചിട്ടുണ്ട്.
നിലവിൽ ആറ്റിൽ ജലനിരപ്പ് ഉയർന്നുനിൽക്കുന്നതിനാൽ നദിക്കുള്ളിലെ തൂണുകളുടെ പണി തൽക്കാലം സാധ്യമല്ല. എങ്കിലും കരകളിലെ തൂണുകളുടെ നിർമാണം ഉടൻ പൂർത്തിയാക്കാവുന്നതേയുള്ളൂ.
എന്നാൽ ഇതിനുള്ള നടപടികൾ വൈകുകയാണ്. സമീപന റോഡിന്റെ അവസ്ഥ ഏകദേശം 2 കിലോമീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് സമീപന റോഡ് നിർമിക്കുന്നത്.
ഇതിനായി ആകെ 155 ഭൂഉടമകളുടെ ഭൂമിയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതിനായി 14.43 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.
ഏറ്റെടുത്ത ഭൂമിയിൽ അളന്നു കല്ലിട്ടിരുന്നെങ്കിലും പിന്നീട് ചിലർ അതിരു കല്ലുകൾ പിഴുതു മാറ്റിയിരുന്നു. തുടർന്ന് റവന്യു അധികൃതർ ഇടപെട്ടാണ് കല്ലുകൾ പുനഃസ്ഥാപിച്ചത്.
ഇതിനുശേഷമാണ് കരാർ സൊസൈറ്റി ലെവലുകൾ എടുത്തത്. നിലവിൽ റോഡ് നിർമാണം ആരംഭിക്കുന്നതിന് മറ്റ് തടസ്സങ്ങളൊന്നുമില്ലെങ്കിലും പ്രവൃത്തികൾ അനന്തമായി നീളുകയാണ്.
കേരള റോഡ് ഫണ്ട് ബോർഡും ജനപ്രതിനിധികളും അടിയന്തരമായി ഇടപെട്ട് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

