കൊച്ചി: എറണാകുളം കടവുംഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിൽ പ്രതിയായ എബിൻ പോൾനെതിരെ കർശന നിയമനടപടിയുടെ ഭാഗമായി യുഎപിഎ ചുമത്താൻ തീരുമാനിച്ചു.
യുഎപിഎ 16, 18 വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഐക്യം തകർക്കാൻ ലക്ഷ്യമാക്കിയുള്ള ആക്രമണം, ഭീകര പ്രവർത്തനത്തിനുള്ള ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇയാൾക്കുമേൽ ചുമത്തുക.
നിലവിലെ വിവരങ്ങൾ അനുസരിച്ച് ഈ കേസ് വൈകാതെ എൻഐഎ ഏറ്റെടുത്തേക്കും. പ്രതിയുടെ പശ്ചാത്തലം, സൗഹൃദ വലയം തുടങ്ങിയ നിർണായക വിവരങ്ങൾ ആഴത്തിൽ മനസിലാക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം ഇയാൾ പഠനം നടത്തിയ പൂണെയിലെ സ്ഥാപനത്തിൽ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു.
മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിനും, ഒഴിഞ്ഞു കിടന്ന വീടിനും തീയിട്ടതും എബിൻ തന്നെയാണെന്ന് വ്യക്തമായതോടെയാണ് കേസന്വേഷണത്തിന്റെ ഗൗരവം വർധിച്ചത്. ബോസ് എന്ന വ്യക്തിയുടെ നിർദേശപ്രകാരമാണ് എബിൻ ഈ കൃത്യങ്ങൾ നിർവഹിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
എന്നാൽ, ഈ പറയുന്ന ബോസ് ആരാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, തനിക്ക് നിർദേശം നൽകിയത് വിക്രം എന്നയാളാണെന്നാണ് എബിൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
ഇത് വിദേശത്ത് നിന്നുള്ള ആരെങ്കിലുമാണോയെന്ന സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. മൊഴിയിൽ പറയുന്ന വിക്രം തന്നെയാണോ ബോസ് എന്ന കോണിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള എബിൻ പോൾനെ ആവശ്യമെങ്കിൽ കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി വീണ്ടും കസ്റ്റഡിയിൽ വാങ്ങും. പ്രതിയുടെ കയ്യിലുള്ള ഫോൺ ആണ് ഈ അന്വേഷണത്തിലെ പ്രധാന തുമ്പായി പൊലീസ് കാണുന്നത്.
ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതിലൂടെ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

