തളിപ്പറമ്പ് നഗരസഭയിലെ കൂവോട് ഗോപാലൻപീടികയ്ക്ക് സമീപം പഞ്ചളായിയിൽ ദുരിത ജീവിതം നയിക്കുന്ന കുടുംബത്തിന്റെ ദയനീയ വിവരങ്ങൾ പുറത്തുവന്നു. ഉഷ (55) എന്ന കാൻസർ രോഗിയായ അമ്മയും, മാനസിക അസ്വാസ്ഥ്യവും ഓട്ടിസവും ബാധിച്ച 33, 23 വയസ്സുകാരായ രണ്ട് ആൺമക്കളുമാണ് അതിജീവനത്തിനായി ഏറെ ബുദ്ധിമുട്ടുന്നത്.
ഭക്ഷണവും മരുന്നും വാങ്ങുന്നതിനായി വീടിന്റെ ജനലുകളും വാതിലുകളും വയറിങ് സാമഗ്രികളും പോലും ഇളക്കി വിറ്റ അവസ്ഥയിലാണ് ഇവർ കഴിയുന്നത്. വരാന്ത വരെ കാടുമൂടിക്കിടക്കുന്ന ഈ വീട്ടിലെ മുറികളിൽ മുഴുവൻ കുഴികളാണ്.
വാതിലുകളും ജനലുകളുമില്ലാതെ തുറന്നുകിടക്കുന്ന ശുചിമുറിയും ഇവിടെ കാണാം. ചായയുണ്ടാക്കാൻ ഉപയോഗിക്കുന്ന ചെറിയ കലവും ഒരു സ്റ്റീൽ ഗ്ലാസുമല്ലാതെ വീട്ടിൽ മറ്റ് പാത്രങ്ങളൊന്നുമില്ല.
അടുപ്പ് പുകയാത്ത അടുക്കളയിൽ നായ്ക്കളാണ് കിടക്കുന്നത്. നാട്ടുകാർ എത്തിച്ചുനൽകുന്ന ഭക്ഷണത്തിലൂടെയാണ് ഇവർ ജീവൻ നിലനിർത്തുന്നത്.
കാൻസർ സ്ഥിരീകരിച്ചിട്ടുള്ള ഉഷയ്ക്ക് നിലവിൽ ചികിത്സയോ മരുന്നോ ലഭ്യമല്ല. പിഎംഎവൈ സ്കീമിൽ ഉൾപ്പെടുത്തിയാണ് ഇവർക്ക് വീട് നിർമിച്ചുനൽകിയത്.
മൂത്ത മകൻ ജോലിക്ക് പോയാണ് മുൻപ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ അമ്മയ്ക്ക് കാൻസർ ബാധിച്ചതോടെ മനസ്സിന്റെ സമനില തെറ്റിയ മകൻ പിന്നീട് ജോലിക്ക് പോകാതായി.
ഇളയ മകന് ലഭിക്കുന്ന ഭിന്നശേഷി പെൻഷനാണ് ഇവരുടെ ഏക വരുമാനം. ഓട്ടിസം ബാധിച്ച ഈ കുട്ടിയെ നഗരസഭാ അധികൃതർ ഇടപെട്ട് ബഡ്സ് സ്കൂളിൽ അയച്ചുതുടങ്ങിയിരുന്നെങ്കിലും പിന്നീട് അതും മുടങ്ങി.
ഇതിനുശേഷമാണ് വീടിന്റെ ജനലുകളും വാതിലുകളും ഓരോന്നായി ഇളക്കി വിൽക്കാൻ തുടങ്ങിയത്. പിന്നീട് വയറിങ്ങും സ്വിച്ച് ബോർഡുകളും ഉൾപ്പെടെ ഇളക്കി വിറ്റു.
ഇപ്പോൾ വരാന്തയിൽ ബാക്കിയുള്ള ജനലും ഇളക്കിത്തുടങ്ങിയിട്ടുണ്ട്. ഇവ താൻ തന്നെയാണ് ഇളക്കിയെടുത്തതെന്ന് മൂത്തമകൻ വ്യക്തമാക്കി.
ആകെയുള്ള ഒരു കട്ടിലിൽ പായ പോലും വിരിക്കാനില്ലാതെയാണ് ഉഷ അന്തിയുറങ്ങുന്നത്. ധരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊരു തുണിയും ഇല്ലാത്ത വീട്ടിൽ വെറും നിലത്താണ് രണ്ട് മക്കളും കിടക്കുന്നത്.
രാത്രിയിൽ ഇവർ വെളിച്ചവും ഉപയോഗിക്കാറില്ല. കീറിയ തുണിക്കഷ്ണങ്ങൾ ചേർത്തുകെട്ടി കയറുണ്ടാക്കി കിണറ്റിൽ നിന്ന് നേരിട്ട് വെള്ളം കോരിയെടുക്കുകയാണ് പതിവ്.
തുറന്നുകിടക്കുന്ന ശുചിമുറിക്ക് മാലിന്യടാങ്കില്ല, പകരം ഒരു കുഴി മാത്രമാണുള്ളത്. ചില ദിവസങ്ങൾക്ക് മുൻപ് മുഷിഞ്ഞ വസ്ത്രങ്ങളുമായി ഇവർ തളിപ്പറമ്പിലൂടെ നടക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിനെ തുടർന്ന് തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്റെയും കെഎപി മൈത്രി പാലിയേറ്റീവ് യൂണിറ്റ്ന്റെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ ജീവിതാവസ്ഥ പുറത്തുവന്നത്. ഇവരുടെ കൂടെത്തന്നെയാണ് നായ്ക്കളും കഴിയുന്നത്.
അവയാണ് മുറികളിൽ കുഴികൾ നിർമിച്ചതെന്ന് ഇവർ പറയുന്നു. അതേസമയം, ഇവർക്ക് ആവശ്യമുള്ള എല്ലാ സഹായങ്ങളും നൽകുന്നുണ്ടെങ്കിലും പലപ്പോഴും സ്വീകരിക്കാറില്ലെന്ന് വാർഡ് കൗൺസിലർ ധന്യയും മുൻ കൗൺസിലർ ഡി.വനജയും അറിയിച്ചു.
വീട് ടൈൽസ് ഇട്ട് നൽകാനും ഫ്രിജ് വാങ്ങി നൽകാനും തീരുമാനിച്ചിരുന്നെങ്കിലും ഇവർ സമ്മതിച്ചില്ല. ഉഷയെ പരിചരിച്ചതും തങ്ങളാണെന്ന് ഡി.വനജ വ്യക്തമാക്കി.
സംഭവമറിഞ്ഞ് നഗരസഭാ അധ്യക്ഷൻ പി.കെ.സുബൈറിന്റെ നേതൃത്വത്തിൽ സംഘം ഇന്നലെ ഇവരുടെ വീട് സന്ദർശിച്ചിട്ടുണ്ട്. കുടുംബത്തെ സംരക്ഷിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് പി.കെ.സുബൈർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

