ന്യൂഡൽഹി ∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം മോദിയെ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്.
ഫ്ലൈദുബായ് വിമാനത്തിൽ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ അതിജീവിച്ച് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ധീരനായ ക്യാപ്റ്റൻ സ്മിത് മച്ഛാറിനൊപ്പം ചേർന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദീപം കൊളുത്തണമെന്നാണ് നെതന്യാഹു അഭ്യർത്ഥിച്ചിട്ടുള്ളത്. ‘‘എന്റെ സുഹൃത്ത്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചു.
ധീരനായ ഇന്ത്യൻ പൈലറ്റിനൊപ്പം ഇസ്രയേലിന്റെ സ്വാതന്ത്ര്യദീപം തെളിയിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു’’–നെതന്യാഹു എക്സിൽ കുറിച്ചു. തനിക്ക് ലഭിച്ച സ്നേഹനിർഭരമായ ക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വരും വർഷം മേയ് 14 നാണ് ഇസ്രയേൽ തങ്ങളുടെ സ്വാതന്ത്ര്യദിനം കൊണ്ടാടുന്നത്. കഴിഞ്ഞ സെപ്റ്റംബർ 30 ന് ദുബായിൽ നിന്നും ടെൽ അവീവിലേക്ക് യാത്ര തിരിക്കുകയായിരുന്ന ഫ്ലൈദുബായ് വിമാനത്തിനുള്ളിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഒമാൻ പൗരനായ സഹപൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. വിമാനം തകർത്ത് യാത്രക്കാരുടെ ജീവനെടുക്കാനുള്ള അക്രമിയുടെ ശ്രമത്തെ അപാരമായ സംയമനത്തോടെയാണ് മച്ഛാർ പ്രതിരോധിച്ചത്.
ഗുരുതരമായി പരുക്കേറ്റെങ്കിലും അതീവ ജാഗ്രതയോടെ അദ്ദേഹം വിമാനം സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. സ്മിത് മച്ഛാർ ലോകത്തിന് മുഴുവൻ മാതൃകയായ ഒരു ഹീറോ ആണെന്നാണ് അന്ന് ഇസ്രയേൽ ഭരണകൂടം വിശേഷിപ്പിച്ചത്.
തുടർന്ന് അന്ന് തന്നെ നെതന്യാഹു ഫോണിൽ വിളിച്ച് മച്ഛാറിന്റെ ധീരതയെ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

