തിരുവനന്തപുരം: ചിത്രപ്രദർശനം നടത്താൻ റെയ്ഹാൻ വാദ്രയെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻ. റെയ്ഹാൻ വാദ്രയുടെ ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പ്രദർശനത്തിന് ആതിഥേയത്വം വഹിക്കാൻ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒഴിവാക്കലുകളോ ഭേദഗതികളോ ഒന്നും തന്നെയില്ലാതെ ചിത്ര പ്രദർശനം നടത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്ഹാൻ വാദ്രയുടെ ചിത്ര പ്രദർശനത്തിൽ നിന്ന് എഴുപതിലധികം ചിത്രങ്ങൾ നീക്കിയത് വിവാദമായതിനിടെയാണ് മുഖ്യമന്ത്രി വി ഡി സതീശൻ്റെ ക്ഷണം.
ദില്ലി ബിക്കാനീർ ഹൗസിൽ റൈഹാൻ വാദ്രയുടെ ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന ചിത്ര പ്രദർശനത്തിൽ നിന്നാണ് ചിത്രങ്ങൾ നീക്കിയത്. 105 ചിത്രങ്ങളാണ് പ്രദർശനത്തിനു തയ്യാറാക്കിയത്.
അതിൽ 74 എണ്ണം നീക്കി. യുവജന പ്രക്ഷോഭങ്ങൾ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഉൾപ്പെട്ട
സമരങ്ങളിൽ പകർത്തിയ ചിത്രങ്ങളാണ് നീക്കിയതിലേറെയും. പ്രദശനം തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് ചിത്രം നീക്കിയത് അറിയിച്ചതെന്നാണ് റെയ്ഹാൻ പറയുന്നത്.
ദേശീയപതാക ഉൾപ്പെട്ട ചിത്രങ്ങളാണ് നീക്കിയതെന്നും റെയ്ഹാൻ ആരോപിച്ചു.
ചിത്രങ്ങൾ നീക്കിയ നടപടി ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്ന് കോൺഗ്രസ് വിമർശിക്കുമ്പോൾ, സ്ഥാപനത്തിന്റെ നയങ്ങൾ പാലിക്കാനാണ് നടപടിയെന്നാണ് ബിക്കാനീർ ഹൗസ് അധികൃതർ വിശദീകരിക്കുന്നത്. മകനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി.
അധികാരത്തിലുള്ളവർ മറ്റുള്ളവരുടെ ആവിഷ്കാരത്തെ ഭയപ്പെടുന്നത് ശരിയല്ലെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. യുവാക്കളുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
റെയ്ഹാനെ രാഷ്ട്രീയത്തിലേക്ക് അവതരിപ്പിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്നായിരുന്നു ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ വിമർശനം. ബിക്കാനീർ ഹൗസിൽ രാഷ്ട്രീയ ഉള്ളടക്കമുള്ള കലാസൃഷ്ടികൾ അനുവദിക്കില്ലെന്ന നയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ചിത്രങ്ങൾ നീക്കിയതിൽ വിശദീകരണവുമായി ബിക്കാനീർ ഹൗസ് മാനേജ്മെന്റ് സൊസൈറ്റിയും രംഗത്തെത്തി. സ്ഥാപനത്തിന്റെ നയങ്ങൾക്കും നിശ്ചയിച്ച മാനദണ്ഡങ്ങൾക്കും ചേരാത്ത ചിത്രങ്ങളാണ് നീക്കിയത്.
നയങ്ങൾ പാലിക്കുന്ന ചിത്രങ്ങളുടെ പ്രദർശനം തുടരുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. വൈൽഡ് ലൈഫ് ചിത്രങ്ങൾ മാത്രം ഉൾപ്പെടുത്തിയവ പ്രദർശിപ്പിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

