പുതുപ്പള്ളിയിലെ ചരിത്രപ്രസിദ്ധമായ വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രത്തിൽ കവർച്ച നടന്നു. ക്ഷേത്രത്തിൽ അതിക്രമിച്ചു കയറിയ മോഷ്ടാവ് വിവിധയിടങ്ങളിലെ കാണിക്കവഞ്ചികൾ തകർത്ത് പണം അപഹരിക്കുകയായിരുന്നു.
ദേവസ്വം ഓഫിസിനു സമീപം ചാരിവച്ചിരുന്ന ഏണിയുടെ സഹായത്തോടെ തെക്കുവശത്തെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് ക്ഷേത്രവളപ്പിലേക്ക് പ്രവേശിച്ചത്. തുടർന്ന് മുറ്റത്തുണ്ടായിരുന്ന കാണിക്കവഞ്ചിയുടെ ഗ്രിൽ ഇളക്കി മാറ്റുകയും, പിതൃമണ്ഡപത്തിലെ കാണിക്കവഞ്ചി തകർക്കുകയും ചെയ്തു.
ഇവിടെനിന്ന് 5000 രൂപ നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികൾ വ്യക്തമാക്കി. ഇതിനുപുറമെ, നാഗരാജ പ്രതിഷ്ഠയ്ക്കു സമീപമുണ്ടായിരുന്ന കാണിക്കവഞ്ചിയും തകർക്കാൻ ശ്രമം നടന്നിട്ടുണ്ട്.
സംഭവസ്ഥലത്തെ സിസിടിവി ക്യാമറകളെല്ലാം അക്രമികൾ തിരിച്ചു വെച്ച നിലയിലായിരുന്നു. എങ്കിലും, ചില ക്യാമറകളിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
മുണ്ടും ബനിയനും ധരിച്ച് മങ്കി ക്യാപ് ധരിച്ചയാളാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ പ്രധാന ക്ഷേത്രത്തിനുള്ളിൽ മോഷ്ടാവ് പ്രവേശിച്ചിട്ടില്ലെന്നാണു കരുതുന്നതെന്നു ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെയാണ് കവർച്ചാ വിവരം ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ കോട്ടയം ഈസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒമ്പത് മാസം മുൻപും സമാനരീതിയിൽ ഇവിടെ മോഷണം നടന്നിരുന്നുവെങ്കിലും അന്ന് പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

