ഉത്തർപ്രദേശിലെ ആഗ്ര റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചു. ചെന്നൈയിലെ ഒരു വാടകവീട്ടിൽ വെച്ചാണ് യുവതി കൊല ചെയ്യപ്പെട്ടതെന്നും, സംഭവത്തിന് ശേഷം ഒരു യുവതിയും യുവാവും ചേർന്ന് മൃതദേഹാവശിഷ്ടങ്ങളുമായി ട്രെയിനിൽ യാത്ര ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി.
സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ പ്രതികൾ താമസിച്ചിരുന്ന വാടകവീട്ടിൽ നിന്ന് ബാക്കി മൃതദേഹാവശിഷ്ടങ്ങളും കണ്ടെടുത്തു. ശരീരത്തിന്റെ ഒരു ഭാഗം കെട്ടിത്തൂക്കിയ നിലയിലും മറ്റ് ചില ഭാഗങ്ങൾ വീട്ടിലെ ബിരിയാണി ചെമ്പിൽ സൂക്ഷിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്.
ഇവ കസ്റ്റഡിയിലെടുത്ത പൊലീസ് തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. ആഗസ്റ്റ് 6-നാണ് ഡൽഹിയിലേക്ക് പോകുകയായിരുന്ന തമിഴ്നാട് എക്സ്പ്രസിലെ സ്യൂട്ട്കേസിനുള്ളിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
ചുവന്ന നിറത്തിലുള്ള സ്യൂട്ട്കേസിനുള്ളിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ സൂക്ഷിച്ചിരുന്നത്. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥരില്ലാത്ത നിലയിൽ സ്യൂട്ട്കേസ് കണ്ട് സംശയം തോന്നിയ യാത്രക്കാർ റെയിൽവേ അധികൃതരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് അഴുകിയ നിലയിൽ മനുഷ്യന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇത് സ്ത്രീയുടെ മൃതദേഹഭാഗങ്ങളാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
സ്യൂട്ട്കേസുമായി ട്രെയിനിൽ യാത്ര ചെയ്തവരെ കണ്ടെത്താൻ പൊലീസ് ഊർജിതമായ അന്വേഷണമാണ് ആരംഭിച്ചത്. സ്യൂട്ട്കേസിനുള്ളിൽ നിന്ന് ചെന്നൈ എന്ന് രേഖപ്പെടുത്തിയ ഒരു പോളിത്തീൻ കവർ ലഭിച്ചതിനെ തുടർന്ന് അന്വേഷണം ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മാറ്റുകയായിരുന്നു.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരു യുവതിയും യുവാവും ചുവന്ന സ്യൂട്ട്കേസുമായി നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ താമസിച്ചിരുന്ന വാടകവീട് കണ്ടെത്താൻ സാധിച്ചത്.
എന്നാൽ, പ്രതികളെന്ന് സംശയിക്കുന്നവരെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികളുടെയോ കൊല്ലപ്പെട്ട
സ്ത്രീയുടെയോ പേരുവിവരങ്ങൾ പൊലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രതികളും കൊല്ലപ്പെട്ട
സ്ത്രീയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ ചെന്നൈ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

