ശബരിമലയിൽ കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ പുതിയ തന്ത്രിയായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മൂന്നംഗ വിദഗ്ധ സമിതിക്ക് രൂപം നൽകി.
ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ തനിക്ക് പകരം മകനെ തന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചിരുന്നു. ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ മുന്നോടിയായാണ് സമിതിയെ ചുമതലപ്പെടുത്തിയിട്ടുള്ളത്.
പ്രമുഖ താന്ത്രികാചാര്യനായ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉൾപ്പെടെയുള്ളവരുള്ള വിദഗ്ധ സമിതിയുമായി ബോർഡ് അധ്യക്ഷൻ നാളെ നിർണായക കൂടിക്കാഴ്ച നടത്തും. പുതിയ അവകാശിയുടെ താന്ത്രിക വിദ്യാഭ്യാസം, ആചാരപരമായ അറിവുകൾ, കർമ്മങ്ങളിലെ പ്രാവീണ്യം എന്നിവ സമിതി വിശദമായി പരിശോധിക്കും.
ഈ സമിതി സമർപ്പിക്കുന്ന വിലയിരുത്തൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ അന്തിമ നിലപാട് പ്രഖ്യാപിക്കുക. നേരത്തെ, ഈ വിഷയത്തിൽ ഹൈക്കോടതിയുടെ നിലപാട് ബോർഡ് തേടിയിരുന്നുവെങ്കിലും, നിയമന കാര്യത്തിൽ ബോർഡിന് സ്വതന്ത്രമായി തീരുമാനം എടുക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

