ഇറാനും യുഎസും തമ്മിലുള്ള നയതന്ത്രപരമായ അടുപ്പവും, ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനസ്ഥാപിച്ചതും, ഇറാനിയൻ എണ്ണയ്ക്കുമേലുള്ള ഉപരോധം നീങ്ങിയതും ആഗോള വിപണിയിൽ അനുകൂല സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നിക്ഷേപകർ. എന്നാൽ, ഈ അനുകൂല ഘടകങ്ങളെ മറികടന്നുകൊണ്ട് ആഗോള ഓഹരി വിപണികളിൽ ഇന്ന് വലിയ തകർച്ചയാണ് ദൃശ്യമായത്.
ദക്ഷിണ കൊറിയൻ ഓഹരി സൂചികയായ കോസ്പിയിൽ (KOSPI) ഉണ്ടായ ചരിത്രപരമായ ഇടിവ് ഏഷ്യൻ വിപണികളിലും ഇന്ത്യയിലും പ്രതിഫലിച്ചു. ബിഎസ്ഇയിൽ സെൻസെക്സ് 950 പോയിന്റ് ഇടിഞ്ഞതോടെ, നിക്ഷേപകരുടെ സമ്പത്തിൽ നിന്ന് അഥവാ കമ്പനികളുടെ സംയോജിത വിപണി മൂല്യത്തിൽ നിന്ന് ഏകദേശം 5.7 ലക്ഷം കോടി രൂപയാണ് ഒറ്റദിവസം കൊണ്ട് ചോർന്നുപോയത്.
എഐ വിപണിയിലെ ലാഭമെടുപ്പ് നിർമിതബുദ്ധി (AI) അധിഷ്ഠിത സെമികണ്ടക്ടർ ചിപ്പുകൾക്ക് ആഗോളതലത്തിൽ ഉണ്ടായ വൻ ഡിമാൻഡ് സമീപകാലത്ത് സാങ്കേതിക കമ്പനികളുടെ ഓഹരികളെ റെക്കോർഡ് ഉയരത്തിൽ എത്തിച്ചിരുന്നു. എസ്.കെ.
ഹൈനിക്സ്, സാംസങ് തുടങ്ങിയ മുൻനിര കൊറിയൻ കമ്പനികൾ ഈ കുതിപ്പിന് നേതൃത്വം നൽകി. 2026-ൽ മാത്രം 350 ശതമാനത്തിലേറെ വളർച്ചയാണ് എസ്.കെ.
ഹൈനിക്സ് രേഖപ്പെടുത്തിയത്. എന്നാൽ, ഈ ഓഹരികളിൽ ഉയർന്നുവന്ന കനത്ത ‘പ്രോഫിറ്റ് ബുക്കിങ്’ വിപണിയെ താഴേക്ക് നയിച്ചു.
കോസ്പി സൂചിക 10 ശതമാനം തകർന്ന് 8203 നിലവാരത്തിൽ വ്യാപാരം അവസാനിപ്പിച്ചു. തകർച്ച നിയന്ത്രിക്കുന്നതിനായി വിപണി പ്രവർത്തനം 20 മിനിറ്റ് നിർത്തിവെക്കേണ്ട
സാഹചര്യവും ഉണ്ടായി. ആഗോള വിപണികളിലെ പ്രത്യാഘാതം മറ്റ് പ്രമുഖ ഏഷ്യൻ വിപണികളെയും തകർച്ച ബാധിച്ചു.
ഷാങ്ഹായ് സൂചിക 1.37 ശതമാനവും, ഹോങ്കോങ് 1.82 ശതമാനവും, ജാപ്പനീസ് നിക്കേയ് 3.55 ശതമാനവും ഇടിവ് രേഖപ്പെടുത്തി. യുഎസ് വിപണിയിൽ ടെക് ഭീമന്മാരായ ആമസോൺ 5%, മെറ്റ 2%, ആൽഫബെറ്റ് 5% എന്നിങ്ങനെ നഷ്ടം നേരിട്ടു.
ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഓഹരികൾ 16 ശതമാനം ഇടിഞ്ഞത് വിപണിയിലെ നിക്ഷേപകർക്ക് വലിയ ആഘാതമായി. കമ്പനിയുടെ വിപണി മൂല്യത്തിൽ നിന്ന് 40,000 കോടി ഡോളറാണ് (ഏകദേശം 38 ലക്ഷം കോടി രൂപ) നഷ്ടപ്പെട്ടത്.
ഇന്ത്യൻ വിപണിയിലെ അവസ്ഥ ഇന്ത്യൻ വിപണിയിൽ സെൻസെക്സ് 950 പോയിന്റോളവും (-1.23%), നിഫ്റ്റി 295 പോയിന്റും (-1.24%) നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ ഓഹരി വിപണികളിലെ മോശം പ്രവണത, വിദേശ നിക്ഷേപങ്ങളുടെ കൊഴിഞ്ഞുപോക്ക്, രൂപയുടെ മൂല്യത്തകർച്ച (ഡോളറിനെതിരെ 6 പൈസ താഴ്ന്ന് 94.69), ഐടി-മെറ്റൽ ഓഹരികളിലെ വിൽപന സമ്മർദം എന്നിവയാണ് ഇന്ത്യൻ വിപണിയെ പിടിച്ചുലച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

