ബിസിസിഐ (BCCI) ചരിത്രത്തിൽ ഇടംപിടിച്ചുകൊണ്ട് പതിനഞ്ചാം വയസ്സിൽ ഇന്ത്യൻ സീനിയർ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വൈഭവ് സൂര്യവംശിക്ക് ടീം ഇന്ത്യയുടെ കന്നി ജഴ്സി സമ്മാനിച്ചു.
അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കായി ടീമിനൊപ്പം ചേർന്ന വൈഭവിന്, ടീമിന്റെ ത്രോഡൗൺ സ്പെഷ്യലിസ്റ്റ് രഘുവാണ് ജഴ്സി കൈമാറിയത്. ഈ അവിസ്മരണീയ നിമിഷത്തിന്റെ ദൃശ്യങ്ങൾ ബിസിസിഐ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഐപിഎല്ലിലെ മികച്ച പ്രകടനമാണ് അജിത് അഗാർക്കർ നേതൃത്വം നൽകുന്ന സെലക്ഷൻ കമ്മിറ്റിയുടെ ശ്രദ്ധയിൽ വൈഭവിനെ എത്തിച്ചത്. മുൻ ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്ന, ഹർഭജൻ സിംഗ് എന്നിവർ അണിഞ്ഞിരുന്ന ‘നമ്പർ 3’ ജഴ്സിയാണ് വൈഭവിന് ലഭിച്ചിരിക്കുന്നത്.
ജഴ്സി ലഭിച്ചതിനെക്കുറിച്ച് വൈഭവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “എനിക്ക് തോന്നിയ വികാരം വാക്കുകളാൽ വിവരിക്കാൻ കഴിയില്ല. ക്രിക്കറ്റ് ബാറ്റ് കൈയിലെടുത്ത ഒന്നാം ദിവസം മുതൽ ഞാൻ മൈതാനത്തേക്ക് പരിശീലനത്തിന് പോയത് ഇതിനുവേണ്ടി മാത്രമാണ്.
ഇന്ന് ആ സ്വപ്നം സഫലമായിരിക്കുന്നു. ഒരു ഹോട്ടൽ മുറിയിലേക്ക് ഈ ജേഴ്സി എത്തിയപ്പോൾ എങ്ങിനെ പ്രതികരിക്കണം എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.
നമ്മൾ ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങൾ പെട്ടെന്ന് സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയിലായിരുന്നു ഞാൻ. ആ ടീ ഷർട്ട് കണ്ട
നിമിഷം മുതൽ എന്റെ മുഖത്തെ ചിരി മാറിയിട്ടില്ല.” 2026 ജൂൺ 23-നാണ് ഈ സംഭവം നടന്നത്. അതേസമയം, അയർലൻഡിനെതിരായ പരമ്പരയിൽ പ്ലെയിങ് ഇലവനിൽ ഇടം നേടുക എന്നത് വൈഭവിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്.
ഓപ്പണിംഗ് സ്ഥാനത്തിനായി മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവരുമായി കടുത്ത മത്സരമാണ് താരത്തിന് നേരിടാനുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

