കാക്കനാട് മാവേലിപുരം ഓണം പാർക്കിനു സമീപം ഉണ്ടായ ദാരുണമായ അപകടത്തിൽ ഏഴാം ക്ലാസ് വിദ്യാർഥിനി റിഹാന കാതറിൻ ആൻഡ്രൂസ് മരണപ്പെട്ട സംഭവം നാടിനെ നടുക്കി.
സുരക്ഷാ സംവിധാനങ്ങളില്ലാത്ത റോഡിലെ അപകടാവസ്ഥയെക്കുറിച്ച് നാട്ടുകാരും ഫ്ലാറ്റ് നിവാസികളും ഒരു വർഷം മുൻപേ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന ആരോപണം ശക്തമാകുകയാണ്. ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം സംഭവിച്ചത്.
ഓണം പാർക്കിനു സമീപത്തെ ഗുഡ് എർത്ത് ഹ്യൂസ് ഓഫ് ലൈഫ് ഫ്ലാറ്റിലെ താമസക്കാരിയായ റിഹാന, സഹോദരനൊപ്പം സൈക്കിളിൽ സഞ്ചരിക്കവേയാണ് നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് വീണത്. സീപോർട്ട് എയർപോർട്ട് റോഡിൽ നിന്ന് മാവേലിപുരത്തേക്ക് പോകുന്ന ടൈൽ വിരിച്ച റോഡും തൊട്ടടുത്ത ഇവി സിനായ് ടവർ ഫ്ലാറ്റ് വളപ്പും തമ്മിൽ വലിയ ഉയരവ്യത്യാസമാണുള്ളത്.
റോഡിന്റെ വശങ്ങളിൽ സംരക്ഷണ ഭിത്തിയോ സുരക്ഷാ വേലിയോ ഇല്ലാത്തതാണ് അപകടത്തിന് കാരണമായത്. സമീപത്തെ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളിൽ റിഹാനയുടെ അപകടം പതിഞ്ഞിട്ടുണ്ട്.
വൈകിട്ട് 5 മണിയോടെ സഹോദരനൊപ്പം സൈക്കിളിൽ എത്തിയ റിഹാന, റോഡിലെ വളവിൽ സൈക്കിൾ തിരിക്കാൻ ശ്രമിക്കവെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സുരക്ഷാ ഭിത്തിയില്ലാത്ത ഭാഗത്തുകൂടി കുട്ടിയും സൈക്കിളും ഫ്ലാറ്റ് വളപ്പിലേക്ക് പതിക്കുകയായിരുന്നു.
ഉടൻ തന്നെ തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണം.
നടപടിയില്ലാത്ത പരാതി
ഈ റോഡ് മണ്ണിട്ടുയർത്തി ടൈൽ വിരിച്ചപ്പോൾ തന്നെ അപകടസാധ്യത ചൂണ്ടിക്കാട്ടി 2025 മേയ് 23-ന് തൃക്കാക്കര നഗരസഭാ സെക്രട്ടറിക്ക് ഇവി സിനായ് ടവർ ഓണേഴ്സ് അസോസിയേഷൻ പരാതി നൽകിയിരുന്നു. റോഡും ഫ്ലാറ്റ് വളപ്പും തമ്മിൽ 30 അടി ഉയരവ്യത്യാസമുണ്ടെന്നും സുരക്ഷാ ഭിത്തി അനിവാര്യമാണെന്നും പരാതിയിൽ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും അധികൃതർ യാതൊരു സുരക്ഷാ നടപടികളും കൈക്കൊണ്ടില്ല. പ്രതിഷേധം ശക്തം
അപകടത്തിന് പിന്നാലെ നഗരസഭയുടെ അനാസ്ഥയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
എൽഡിഎഫ് കൗൺസിലർമാർ നഗരസഭ എൻജിനീയറിങ് വിഭാഗത്തിൽ ഉപരോധം നടത്തി. സംരക്ഷണ ഭിത്തി നിർമാണത്തിന് ഉടൻ നടപടി സ്വീകരിക്കാമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
സി.പി.സാജൽ, കെ.എ.നജീബ്, എം.എം.ഷിഹാബ്, പി.എൻ.പ്രശാന്ത്, കെ.ജി.ജയചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

