ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്ക് മുന്നോടിയായി ടീം മാനേജ്മെൻ്റിന് കനത്ത തിരിച്ചടി. പരിക്കിനെത്തുടർന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പുറത്തായതിന് പിന്നാലെ, യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും പര്യടനത്തിൽ നിന്ന് പുറത്തായി.
അഫ്ഗാനിസ്ഥാൻ എതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ഇരുപത്തിമൂന്നുകാരനായ താരത്തിന് ഇടത് തുടയിലെ പേശികൾക്ക് പരിക്കേറ്റത്. ബിസിസിഐ മെഡിക്കൽ സംഘം നടത്തിയ സ്കാനിംഗിൽ പരിക്കിന്റെ ഗൗരവം വ്യക്തമായതിനെ തുടർന്ന്, താരത്തോട് ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചു.
കുറഞ്ഞത് നാല് ആഴ്ചയെങ്കിലും താരത്തിന് വിശ്രമം ആവശ്യമായി വരുമെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വതന്ത്ര ഫാസ്റ്റ് ബോളിംഗ് പരിശീലകൻ സ്റ്റെഫാൻ ജോൺസ് കീഴിൽ ബോളിംഗ് വേഗത വർദ്ധിപ്പിക്കാനുള്ള തീവ്രശ്രമത്തിനിടെ ശരീരത്തിലുണ്ടായ സമ്മർദ്ദമാണ് പരിക്കിലേക്ക് നയിച്ചതെന്ന് ക്രിക്കറ്റ് വിദഗ്ധർ വിലയിരുത്തുന്നു.
ഇതുവരെ 10 ടെസ്റ്റുകളും 6 ഏകദിനങ്ങളും 4 ടി20 മത്സരങ്ങളുമാണ് നിതീഷ് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. നിതീഷ് റെഡ്ഡിക്ക് പകരമായി മുംബൈയുടെ യുവ ഓൾറൗണ്ടർ സൂര്യൻഷ് ഷെഡ്ഗെ (Suryansh Shedge) ടീമിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചന.
ശ്രീലങ്കയിൽ നടന്ന എ-ടീം ത്രിരാഷ്ട്ര പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തിന് തുണയാകുന്നത്. മറ്റൊരു പ്രധാന സംഭവവികാസത്തിൽ, ഐപിഎല്ലിനിടെ പരിക്കേറ്റ സ്പിന്നർ വരുൺ ചക്രവർത്തി പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാൽ അയർലൻഡിനെതിരായ ടി20 പരമ്പരയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.
അതേസമയം, ആരാധകർക്ക് ആശ്വാസം നൽകിക്കൊണ്ട് വിരാട് കോലിയെ ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഐപിഎല്ലിനിടെയേറ്റ ഹാംസ്ട്രിങ് പരിക്കിൽ നിന്ന് പൂർണ്ണമുക്തനാണെന്ന് തെളിയിക്കാൻ കോഹ്ലി ബംഗളൂരുവിൽ ഫിറ്റ്നസ് ടെസ്റ്റിന് വിധേയനാകേണ്ടതുണ്ട്.
അടുത്ത മാസം എഡ്ജ്ബാസ്റ്റൺ, സോഫിയ ഗാർഡൻസ്, ലോർഡ്സ് മൈതാനങ്ങളിലായാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

