ജൂൺ 5-ന് ചൈനയിലെ ഹുബ്ലി പ്രവിശ്യയിലുള്ള വുഹാനിൽ നടന്ന സംഭവമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. കടുത്ത പനിയെ തുടർന്ന് അബോധാവസ്ഥയിലായ മൂന്ന് വയസുകാരിയായ യാന്യാൻ എന്ന കുട്ടിയെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് ടാക്സി ഡ്രൈവർ നടത്തിയ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
പനി മൂർച്ഛിച്ചതിനെ തുടർന്ന് കുട്ടി ബോധരഹിതയായപ്പോൾ കുട്ടിയുടെ അമ്മ ആംബുലൻസിനും മറ്റ് ടാക്സി സർവീസുകൾക്കും വേണ്ടി ശ്രമിച്ചെങ്കിലും കടുത്ത ഗതാഗത തിരക്ക് കാരണം ആരും എത്താൻ സാധിച്ചിരുന്നില്ല. ഒടുവിൽ കുട്ടിയുമായി റോഡിലിറങ്ങിയ അമ്മയെയും അമ്മൂമ്മയെയും സഹായിക്കാൻ വാങ് തോ എന്ന ടാക്സി ഡ്രൈവർ തയ്യാറായി.
രക്ഷാപ്രവർത്തനത്തിൻ്റെ വിശദാംശങ്ങൾ
യാത്രയിലുടനീളം ട്രാഫിക് ഉദ്യോഗസ്ഥരോട് കുട്ടിയുടെ ഗുരുതരാവസ്ഥയെക്കുറിച്ച് അദ്ദേഹം വിവരങ്ങൾ കൈമാറുകയും വാഹനം സുഗമമായി കടന്നുപോകാൻ ട്രാഫിക് നിയന്ത്രിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. പലയിടത്തും റെഡ് സിഗ്നലുകൾ അവഗണിച്ചുകൊണ്ട് അദ്ദേഹം അതിവേഗം വാഹനം ഓടിച്ചു.
ആശുപത്രിയുടെ തൊട്ടടുത്തെത്തിയപ്പോൾ ഗതാഗതക്കുരുക്ക് വീണ്ടും തടസ്സമായെങ്കിലും, അദ്ദേഹം കുട്ടിയെ വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. വഴിയിൽ വെച്ച് സഹായവുമായി ഒരു ഇലക്ട്രിക് സൈക്കിൾ യാത്രക്കാരനും കൂടെക്കൂടി.
അപകടനില തരണം ചെയ്തു
തോങ്ജിയിലെ ആശുപത്രിയിൽ എത്തിച്ച ഉടൻ കുട്ടിയെ ഐസിയുവിലേക്ക് മാറ്റി. വൈകിയിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ നഷ്ടമായേനെ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നിലവിൽ കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്. പന്ത്രണ്ട് വർഷമായി വുഹാനിലെ ടാക്സി ഡ്രൈവറായ വാങ് തോ തനിക്ക് നഗരത്തിലെ റോഡുകളെക്കുറിച്ച് ഉണ്ടായിരുന്ന അറിവാണ് ഈ നിർണ്ണായക നിമിഷത്തിൽ സഹായകമായതെന്ന് വ്യക്തമാക്കി.
കുട്ടിയുടെ കുടുംബം അദ്ദേഹത്തിന് പാരിതോഷികം നൽകാൻ ശ്രമിച്ചെങ്കിലും അത് അദ്ദേഹം സ്നേഹപൂർവ്വം നിരസിച്ചു. ഒരു മനുഷ്യജീവന്റെ വില തിരിച്ചറിഞ്ഞുള്ള അദ്ദേഹത്തിന്റെ ഈ മാതൃകാപരമായ പ്രവർത്തനത്തിന് ചൈനീസ് സമൂഹമാധ്യമങ്ങളിൽ വലിയ പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

