സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിന്റെ ഔദ്യോഗിക നിലപാട് ഇന്ന് നിയമസഭയിൽ വ്യക്തമാകും.
ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലൂടെ മുഖ്യമന്ത്രി വി ഡി സതീശൻ ഇക്കാര്യത്തിൽ വിശദീകരണം നൽകും. ബജറ്റ് നിർദ്ദേശത്തിനെതിരെ ഭരണമുന്നണിക്ക് അകത്തും പുറത്തും വലിയ അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ഏറെ ശ്രദ്ധേയമാണ്.
വി എം സുധീരൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പരസ്യമായി ഈ തീരുമാനത്തെ വിമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ നികുതി ഘടനയിൽ മാറ്റം വരുത്തുമോ അതോ മുൻ സർക്കാർ കൊണ്ടുവന്ന നയത്തിൽ തന്നെ ഉറച്ചുനിൽക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ഇന്നത്തെ നിയമസഭ സമ്മേളനത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വിഷയം അടിയന്തര പ്രമേയമായി ഉന്നയിക്കാൻ പ്രതിപക്ഷം തയ്യാറെടുക്കുന്നുണ്ട്. സംസ്ഥാനത്ത് മദ്യ ഉപഭോഗം വർദ്ധിപ്പിക്കാൻ ഈ തീരുമാനം കാരണമാകുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന വാദം.
ഇതിനു പുറമെ പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും സഭയിൽ പ്രതിപക്ഷം ആയുധമാക്കും.
മുൻ എൽ ഡി എഫ് സർക്കാരാണ് ഈ പദ്ധതിയിൽ ഒപ്പുവെച്ചതെന്ന മറുവാദത്തിലൂടെ ഭരണപക്ഷം പ്രതിരോധം തീർക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസം സഭയിൽ മാത്യു കുഴൽനാടൻ എം എൽ എ നടത്തിയ പ്രസംഗം ചർച്ചകൾക്ക് പുതിയ മാനം നൽകിയിരുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് സംബന്ധിച്ച നിയമം കൊണ്ടുവന്നത് കഴിഞ്ഞ എൽ ഡി എഫ് സർക്കാരാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഈ വിഷയത്തിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പരിഹസിക്കുകയും ചെയ്തു. ഭരണപക്ഷത്തെ വിമർശിക്കുമ്പോൾ പ്രതിപക്ഷം സ്വന്തം പാളയത്തിലെ പാളിച്ചകളും പരിശോധിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
സഭയിൽ നടക്കുന്ന ഈ വാദപ്രതിവാദങ്ങൾക്കിടയിൽ മുഖ്യമന്ത്രി നൽകുന്ന മറുപടി സർക്കാരിന്റെ തുടർനടപടികളിൽ നിർണ്ണായകമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

