ഉത്തർപ്രദേശിലെ ലഖ്നൗ അലിഗഞ്ചിലുള്ള ആനിമേഷൻ കോച്ചിങ് സെൻ്ററിലുണ്ടായ തീപിടിത്തത്തിൽ 15 പേർ മരണപ്പെട്ട സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആകെ ആറുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഒളിവിൽ കഴിയുന്ന മറ്റ് രണ്ടുപേർക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മറ്റ് സ്ഥാപനങ്ങളുടെ ഉടമകളും നടത്തിപ്പുകാരുമാണ് നിലവിൽ പിടിയിലായിരിക്കുന്നത്. ബിഎൻഎസ് 105, 125 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസുകൾ ചാർജ് ചെയ്തിരിക്കുന്നത്.
കെട്ടിടത്തിൻ്റെ സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. സംസ്ഥാന സർക്കാർ പ്രത്യേകമായി രൂപീകരിച്ച എസ്ഐടി (പ്രത്യേക അന്വേഷണ സംഘം) ആണ് കേസ് കൈകാര്യം ചെയ്യുന്നത്.
സംഭവത്തിൽ ഏഴ് ദിവസത്തിനകം വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
പാർപ്പിട ആവശ്യങ്ങൾക്കായി നിർമിച്ച കെട്ടിടം 2014 മുതൽ അനധികൃതമായി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവരികയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.
ഇത്തരത്തിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് മൗനാനുവാദം നൽകിയ 16 ഓളം ഉദ്യോഗസ്ഥരുടെ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട്, ഗെയിം സോൺ, വിവിധ ഷോറൂമുകൾ എന്നിവ ഉൾപ്പെട്ട
ഷോപ്പിങ് കോംപ്ലക്സിലാണ് അഗ്നിബാധയുണ്ടായത്. കോച്ചിങ് സെൻ്ററിൽ നിന്ന് ആരംഭിച്ച തീ പെട്ടെന്നുതന്നെ കെട്ടിടം മുഴുവൻ പടരുകയായിരുന്നു.
ജീവൻ രക്ഷിക്കാനുള്ള തിടുക്കത്തിൽ പലരും ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മരണപ്പെട്ടവരിൽ ഭൂരിഭാഗം പേരും 16നും 25നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളാണ്.
ശ്വാസതടസ്സം മൂലമാണ് മരണങ്ങൾ അധികവും സംഭവിച്ചത്. പരിക്കേറ്റ ആറ് വിദ്യാർത്ഥികളെ ലഖ്നൗ കെജിഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

