മൂവാറ്റുപുഴ മേഖലയിൽ കുറഞ്ഞ മുതൽമുടക്കിൽ മികച്ച ലാഭം ലഭിക്കുന്ന പോത്തുകൃഷിയിലേക്ക് കൂടുതൽ കർഷകർ ആകർഷിക്കപ്പെടുന്നു. എന്നാൽ, തീറ്റച്ചെലവ് കുറയ്ക്കുന്നതിനായി പോത്തുകളെ പുഴയോരങ്ങളിലും പൊതുസ്ഥലങ്ങളിലും കൂട്ടത്തോടെ അഴിച്ചുവിടുന്നത് ജനങ്ങൾക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന പോത്തുകൾ പലപ്പോഴും അക്രമാസക്തമാകുന്നതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ത്രിവേണി സംഗമ കേന്ദ്രത്തിൽ വെച്ച് പരസ്പരം കൊമ്പുകോർത്ത പോത്തുകളെ തടയാൻ ശ്രമിച്ച നാട്ടുകാർക്ക് നേരെ ഇവ തിരിഞ്ഞത് പരിഭ്രാന്തി പരത്തി.
തലനാരിഴയ്ക്കാണ് അന്ന് സമീപത്തുണ്ടായിരുന്നവർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇതിനുപുറമെ, രണ്ടാറിൽ ഒഴിഞ്ഞ പറമ്പിൽ അഴിച്ചുവിട്ടിരുന്ന പോത്തുകൂട്ടം സമീപത്തെ വീടുകളിൽ അതിക്രമിച്ചു കയറി വ്യാപകമായി കൃഷി നശിപ്പിച്ച സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലേക്ക് പോത്തുകളെ എത്തിച്ചിരുന്ന ആന്ധ്രയിലെ മൃഗസംരക്ഷണ വകുപ്പിന്റെ സർട്ടിഫിക്കറ്റുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് സംസ്ഥാനത്തെ കർഷകർക്ക് മികച്ച അവസരം ലഭിച്ചത്. നിലവിൽ കിലോയ്ക്ക് 450 മുതൽ 500 രൂപ വരെയാണ് പോത്തിറച്ചിയുടെ വിപണി വില.
വരാനിരിക്കുന്ന ബലിപെരുന്നാൾ വിപണി കൂടി ലക്ഷ്യമിട്ട് നിരവധിപ്പേരാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. 6 മാസം വരെ പ്രായമുള്ള മുറ പോത്തിൻകുട്ടികളെ വാങ്ങി മൂന്ന് വർഷം പരിപാലിച്ചാൽ ശരാശരി ഒരു ലക്ഷം രൂപ വരെ വരുമാനം ലഭിക്കുമെന്നതാണ് കർഷകരെ ആകർഷിക്കുന്നത്.
നിലവിൽ മൂന്നും നാലും പോത്തുകളെ വളർത്തുന്ന ചെറുകിട കർഷകരാണ് ഈ മേഖലയിൽ കൂടുതലായുള്ളത്.
ശരീരത്തിൽ പെയ്ന്റ് ഉപയോഗിച്ച് കോഡ് നമ്പറുകൾ രേഖപ്പെടുത്തി അലഞ്ഞുതിരിയാൻ വിടുന്ന രീതി വ്യാപകമാണ്. ഇത് വഴിയാത്രക്കാർക്കും കാർഷിക വിളകൾക്കും വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
ഉടമസ്ഥർ തങ്ങളുടെ മൃഗങ്ങളെ സുരക്ഷിതമായ രീതിയിൽ കെട്ടിയിട്ടു വളർത്തണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

