അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്തുവരുന്നു.
സംഭാവനകളിലും കാണിക്ക പെട്ടിയിലെ പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിലും ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് മൂന്ന് മാസം മുൻപ് തന്നെ ക്ഷേത്ര ട്രസ്റ്റിനെ അറിയിച്ചിരുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ബാങ്ക് ഉദ്യോഗസ്ഥരുടെ മൊഴി പ്രകാരം, പണം എണ്ണുന്നതിനായി സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയിരുന്നു.
എന്നാൽ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ചില ജീവനക്കാരെ മാറ്റാൻ ബാങ്ക് അധികൃതർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ചമ്പത് റായി, അനിൽ മിശ്ര എന്നിവർ ഈ വിഷയത്തിൽ ഇടപെട്ടതിനാൽ നടപടികൾ സാധ്യമായില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥർ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരായ രത്നേഷ്, ഗഗൻദീപ് എന്നിവർക്ക് പങ്കുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഇവരെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഇതിനകം പിടിയിലായ എട്ട് പ്രതികളെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അന്വേഷണം ചമ്പത് റായി ഉൾപ്പെടെയുള്ള ട്രസ്റ്റ് ഭാരവാഹികളിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
ഇതിനകം അദ്ദേഹത്തെ ചോദ്യം ചെയ്യുകയും റെയ്ഡിലൂടെ ട്രസ്റ്റുമായി ബന്ധപ്പെട്ട ചില രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
ഇതേസമയം, കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. കർസേവകരുടെ സംഘടനയും ചമ്പത് റായിക്കെതിരെ നടപടി ആവശ്യപ്പെട്ട് അയോധ്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കൂടാതെ, ട്രസ്റ്റ് ട്രഷറർ സ്വാമി ഗോവിന്ദ ദേവ് ഗിരിയെയും ചോദ്യം ചെയ്യണമെന്ന് ജ്യോതിർമഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഓഫീസിന് സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

