പനമരം വരദൂർ ചെറിയ പാലത്തിനു സമീപം പുതിയ വാഹനം നിയന്ത്രണം വിട്ടു തോട്ടിലേക്ക് മറിഞ്ഞു. ഷോറൂമിൽ നിന്ന് വാഹനം വീട്ടിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
പച്ചിലക്കാട് മിഥുൻ നിവാസിൽ മിഥുനും അദ്ദേഹത്തിന്റെ ആറുവയസ്സുകാരനായ മകനുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 1.10-നായിരുന്നു സംഭവം.
കാക്കവയൽ ഷോറൂമിൽ നിന്ന് വാഹനം ഏറ്റുവാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. പാലത്തിന് സമീപമുള്ള കടയിൽ നിന്നും വെള്ളം കുടിച്ച ശേഷം വാഹനം മുന്നോട്ട് എടുത്ത ഉടനെയാണ് സംഭവം.
റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് പത്ത് അടിയിലേറെ താഴ്ചയുള്ള തോട്ടിലേക്കാണ് വാഹനം മറിഞ്ഞത്. ഭാഗ്യവശാൽ യാത്രക്കാർ നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടത്തിൽപ്പെട്ട ഇരുവരും കൽപറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പാലത്തിന്റെ അപര്യാപ്തമായ വീതിയും, പാലത്തിന് സമീപത്തെ റോഡിന്റെ ശോച്യാവസ്ഥയും കാടുകയറി കിടക്കുന്നതും ഈ മേഖലയിൽ അപകടസാധ്യത വർധിപ്പിക്കുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈ ഭാഗത്ത് മുൻപും സമാനമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

