അർബുദ ബാധിതനായ ഭർത്താവിനെ പരിചരിക്കുന്നതിനായി യുഎസ് നാഷനൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബാർഡ് രാജിവച്ചു. തന്റെ രാജി വിവരം തുൾസി ഗബാർഡ് ഔദ്യോഗികമായി എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെക്കുകയായിരുന്നു.
തുൾസി ഗബാർഡിന്റെ സേവനങ്ങളെ അഭിനന്ദിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ആരോൺ ലൂക്കാസിനെ പുതിയ ഇടക്കാല നാഷനൽ ഇന്റലിജൻസ് ഡയറക്ടറായി നിയമിച്ചു. ‘ മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചതിന് ശേഷം തുൾസി ഗബാർഡ് പടിയിറങ്ങുകയാണ്.
അവരുടെ ഭർത്താവിന് അർബുദം സ്ഥിരീകരിച്ചു. ഭർത്താവ് കഠിനമായ പോരാട്ടത്തിലൂടെ കടന്നുപോകുമ്പോൾ അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കാൻ തുൾസി ആഗ്രഹിക്കുന്നു’– ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
അതേസമയം, തുൾസി ഗബാർഡിനെ രാജിവെക്കാൻ വൈറ്റ് ഹൗസ് നിർബന്ധിക്കുകയായിരുന്നു എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനെ ആക്രമിക്കാനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനത്തിൽ തുൾസി ഗബാർഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നതായും ഇത് ഭരണകൂടത്തിനുള്ളിൽ വലിയ ഭിന്നതയ്ക്ക് വഴിവെച്ചതായും വിലയിരുത്തപ്പെടുന്നു.
നിലപാടിലെ വിയോജിപ്പ് വ്യക്തമാക്കി നാഷനൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോ കെന്റും നേരത്തെ രാജിവെച്ചിരുന്നു. നേരത്തെ, യുഎസ് നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ഇറാനിലെ ആണവ പദ്ധതികൾ തകർന്നെന്നും, ആണവ ശേഷി പുനർനിർമിക്കാൻ പിന്നീട് ഇറാൻ ശ്രമിച്ചിട്ടില്ലെന്നും സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിക്ക് നൽകിയ രേഖാമൂലമുള്ള പ്രസ്താവനയിൽ തുൾസി ഗബാർഡ് വ്യക്തമാക്കിയിരുന്നു.
ഇറാനിൽ നിന്നുള്ള ഭീഷണി തടയാൻ ആക്രമണം അനിവാര്യമാണെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിന് വിരുദ്ധമായിരുന്നു ഈ പ്രസ്താവന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

