ആഗോളതലത്തിൽ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഏകധ്രുവ ലോകക്രമത്തിനെതിരെ ശക്തമായ താക്കീതുമായി ഇന്ത്യ രംഗത്ത്. ഐക്യരാഷ്ട്രസഭയിൽ നടന്ന പി4എം സമ്മേളനത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.
ജയശങ്കർ മുന്നറിയിപ്പ് നൽകിയത്. ഊർജ്ജ, രാസവള പ്രതിസന്ധി കണ്ടില്ലെന്ന് നടിക്കാൻ ആവില്ലെന്നും, തീരുമാനങ്ങൾ എടുക്കുന്നതിലെ സുതാര്യത ബഹുധ്രുവ ലോകക്രമത്തിന് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഗോളതലത്തിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾ ലോകസമാധാനത്തിനും സാമ്പത്തിക വളർച്ചയ്ക്കും വൻ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ ഇപ്പോഴുള്ള പ്രതിസന്ധികളെ ഫലപ്രദമായി നേരിടുന്നതിൽ നിലവിലെ അന്താരാഷ്ട്ര സംഘടനകൾ പരാജയപ്പെടുന്നതും അദ്ദേഹം എടുത്തുപറഞ്ഞു.
വികസ്വര രാജ്യങ്ങൾക്ക് അർഹമായ പ്രാധാന്യം ലഭിക്കുന്ന രീതിയിൽ ഐക്യരാഷ്ട്രസഭയും അതിന്റെ രക്ഷാസമിതിയും പുനഃസംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാത്ത ബഹുരാഷ്ട്ര സംവിധാനങ്ങൾ വിശ്വസനീയമല്ലാതായി മാറുമെന്നും നിലവിലെ പ്രതിസന്ധികൾക്ക് പരിഹാരം കാണാനും ആഗോള തലത്തിൽ വികസനം തുല്യമായി ഉറപ്പാക്കാനും പരിഷ്കരിച്ച ബഹുരാഷ്ട്രവാദം ഉണ്ടാകണമെന്നും വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
അതിനിടെ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ ഇന്ത്യക്ക് സ്ഥിര അംഗത്വം നൽകണമെന്ന ആവശ്യത്തിന് പിന്തുണയുമായി പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെക്കിയ എന്നിവർ രംഗത്തെത്തി. യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്തിപ്പെടുന്ന സാഹചര്യത്തിൽ വി4 രാജ്യങ്ങളുമായി വർഷത്തിലൊരിക്കൽ ബിസിനസ് ഫോറവും മന്ത്രിതല ചർച്ചകളും സംഘടിപ്പിക്കാൻ തീരുമാനമായി.
ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൻ്റെ പുരോഗതി ന്യൂയോർക്കിൽ വച്ച് വിലയിരുത്തിയ അദ്ദേഹം, യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുമായി കൂടിക്കാഴ്ചയും നടത്തി. രാഷ്ട്രീയം, സാമ്പത്തികം, പ്രതിരോധം, സാങ്കേതികവിദ്യ, ബഹിരാകാശം, സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കാൻ യോഗത്തിൽ ധാരണയായി.
ഇതിനുപുറമെ, ഉക്രെയ്ൻ സംഘർഷം, ഗൾഫ് മേഖലയിലെ പ്രതിസന്ധികൾ തുടങ്ങിയ ആഗോള വിഷയങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. അമേരിക്ക അധിക താരിഫ് ഏർപ്പെടുത്താൻ ആലോചിക്കുന്നതിനിടയാണ് ഇന്ത്യയുടെ ഈ സുപ്രധാന നീക്കം.
81-ാമത് യു.എൻ ജനറൽ അസംബ്ലിയുടെ ഉന്നതതല പൊതുചർച്ചയ്ക്ക് ഇന്ന് തുടക്കമാകും. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ സമയം വൈകിട്ട് 7 മണിയോടെ യു.എൻ വേദിയിൽ സംസാരിക്കും.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഇന്ന് കനത്ത സുരക്ഷയിൽ നഗരത്തിൽ എത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

